കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, വിനയായത് രാഹുലും അമിത് ഷായും നടത്തിയ പ്രസംഗങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ രാഷ്ടീയത്തിലെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിനയായത് ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും താര പ്രചാരകരായ അമിത് ഷായും രാഹുല്‍ ഗാന്ധിയും നടത്തിയ പ്രസംഗങ്ങള്‍.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും നടത്തിയ അഭിപ്രായങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടുമാണ് നോട്ടീസ്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, അതായത് തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തങ്ങളുടെ പ്രതികരണങ്ങള്‍ സമര്‍പ്പിക്കണം.

നവംബര്‍ 6 ന് മുംബൈയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നവംബര്‍ 11 ന് പരാതി നല്‍കിയിരുന്നു. ‘രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്തം അപകടകരമായ രീതിയില്‍ മഹാരാഷ്ട്രയിലെ യുവാക്കളോട് രാഹുല്‍ പ്രസംഗിച്ചെന്നും രാഹുലിന്റെ പ്രസംഗം കള്ളവും നുണകളും നിറഞ്ഞതായിരുന്നു’വെന്നുമാണ് ബിജെപി രാഹുലിനെതിരായ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി തന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി പരാതിയില്‍ പറഞ്ഞു.

നവംബര്‍ 12 ന് ധന്‍ബാദില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അതിന്റെ സഖ്യകക്ഷികളെയും കുറിച്ച് തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ഐഎന്‍സിയും അതിന്റെ സഖ്യകക്ഷികളും രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അമിത് ഷാ തന്റെ പ്രസംഗത്തില്‍ ആരോപിച്ചു.

More Stories from this section

family-dental
witywide