
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ നിർദ്ദേശങ്ങളടക്കം വാർത്താ സമ്മേളനത്തിൽ ചർച്ചയാകാനാണ് സാധ്യത.
വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എക്സിറ്റ് പോളുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സഖ്യം വോട്ടെണ്ണലിന് നിർദ്ദേശങ്ങളുമായി രംഗത്തെത്തിയത്. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇ വി എമ്മിലെ വോട്ടുകൾ എണ്ണാവു എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇന്ത്യസഖ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്നും ഇന്ത്യസഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്.