ഫ്രഞ്ച് പാർലമെന്റായ നാഷനൽ അസംബ്ലിയിലേക്കുളള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

ഫ്രാൻസിൻ്റെ പാർലമെന്റായ നാഷനൽ അസംബ്ലിയിലേക്കുളള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. രണ്ടാം ഘട്ടം ജൂലൈ 7നാണ്. ഈ മാസം 9നു നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്രവലതുപക്ഷ കക്ഷിയായ നാഷനൽ റാലി (എൻആർ) വൻ വിജയം നേടിയതിനു പിന്നാലെയാണു പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

577 അംഗ ഫ്രഞ്ച് പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം. 2022 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മക്രോയുടെ സഖ്യത്തിനു കേവലഭൂരിപക്ഷമില്ലാതിരുന്നതിനാൽ പ്രതിപക്ഷത്തിനു വഴങ്ങിയാണു സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്തിരുന്നത്. ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ പോളിങ് 25 ശതമാനത്തിൽ താഴെയുള്ളതും വിജയിക്ക് 50% എങ്കിലും വോട്ട് കിട്ടാത്തതുമായ മണ്ഡലങ്ങളിലാണു ജൂലൈ 7നു രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുക.

36% വോട്ടിന്റെ ഉറച്ച പിന്തുണയുമായി എൻആർ മുന്നേറുന്നുവെന്നാണ് അഭിപ്രായ സർവേകളുടെ സൂചന. ഇടതുപക്ഷ സഖ്യമായ എൻഎഫ്പി 28.5% വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. മക്രോയുടെ സഖ്യം 21 ശതമാനവുമായി മൂന്നാമതാണ്. ഈ സൂചന അനുസരിച്ചാണു ഫലമെങ്കിൽ നാഷനൽ റാലിയുടെ അധ്യക്ഷൻ ജോർദാൻ ബർദെല (28) പുതിയ പ്രധാനമന്ത്രി ആകാനാണു സാധ്യത.

സാധാരണ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമാണ്ഫ്രാൻസിൽ പാർലമെന്റ് തിരഞ്ഞെടുപ്പു നടക്കുക. ഇക്കാരണത്താൽ മിക്കവാറും പ്രസിഡന്റിന്റെ കക്ഷിക്കു തന്നെയാവും പാർലമെന്റിലും ഭൂരിപക്ഷം ലഭിക്കുക. ഈ തിരഞ്ഞെടുപ്പിൽ ലെ പെന്നിന്റെ കക്ഷി പാർലമെന്റിൽ വിജയം നേടിയാലും പ്രസിഡന്റ് സ്ഥാനത്തു കാലാവധി തീരും വരെ മക്രോയ്ക്കു തുടരാം. എന്നാൽ രാഷ്ട്രീയപരാജയമേറ്റുവാങ്ങിയാൽ അദ്ദേഹം തുടരുമോ എന്നു കണ്ടറിയണം. 2027 ൽ ആണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്,. 2017– ൽ 39–ാം വയസ്സിൽ വലിയ ഭൂരിപക്ഷത്തിലും 2022 ൽ നേരിയ ഭൂരിപക്ഷത്തിലുമാണു മക്രോ പ്രസിഡന്റായത്.

Election For French National Assembly Today

More Stories from this section

family-dental
witywide