നന്ദി പറഞ്ഞ് പ്രധാനമന്ത്രി, മഹാരാഷ്ട്രയിൽ സദ് ഭരണത്തിന്‍റെ വിജയമെന്ന് മോദി; ജാർഖണ്ഡ് വിജയത്തിൽ ഹേമന്ത് സോറന് അഭിനന്ദനം

ദില്ലി: മഹാരാഷ്ട്രയിലെ എൻ ഡി എയുടെ വിജയത്തിലും ജാർഖണ്ഡിലെ ‘ഇന്ത്യ’ സഖ്യത്തിന്‍റെ വിജയത്തിലും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ സദ് ഭരണത്തിന്‍റെ വിജയമാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് ലഭിച്ചതെന്നാണ് മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേകം നന്ദി പറഞ്ഞ മോദി, മഹാരാഷ്ട്രയുടെ വികസനത്തിനായി പരിശ്രമം തുടരുമെന്നും വിവരിച്ചു. എൻ ഡി എയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജാർഖണ്ഡിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. തുടർഭരണം നേടിയ ഹേമന്ത് സോറനെ അഭിനന്ദിക്കുന്നുവെന്നും മികച്ച പ്രവർത്തനത്തിനായി സഹകരിച്ച് മുന്നേറാമെന്നും വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി വമ്പൻ ജയമാണ് പിടിച്ചെടുത്തത്. മൊത്തം 288 സീറ്റിൽ 220 ലേറെ സീറ്റിലും വിജയം നേടിയാണ് ബി ജെ പി സഖ്യം അധികാരത്തിലേറുന്നത്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം കേവലം 50 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124 ലും ബിജെപി കുതിച്ചു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം വിജയരഥത്തിലേറി. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി.ഷിൻഡേ ശിവസേന മത്സരിച്ച 81 ൽ 55 ലും അജിത് പവാറിൻ്റെ എൻസിപി 59 ൽ 38 ലും കുതിച്ചു. 101 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസിന് 20 സീറ്റോളം മാത്രമാണ് നേടാനായത്. ശരദ് പവാറിൻ്റെ എൻസിപി 86 ൽ 19 ലും ഉദ്ധവ് താക്കറെയുടെ ശിവസേന 95 ൽ 13 ലേക്കും ഒതുങ്ങി. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്.

അതേസമയം ജാർഖണ്ഡിൽ ഇന്ത്യ മുന്നണി മികച്ച വിജയം സ്വന്തമാക്കിയാണ് അധികാരത്തുടർച്ച നേടിയത്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 56 സീറ്റൽ കുതിപ്പ് നടത്തി. എൻഡിഎ സഖ്യം 24 സീറ്റുകളിലേക്ക് ഒതുങ്ങി.

More Stories from this section

family-dental
witywide