ആന എഴുന്നള്ളിപ്പ് തോന്നുംപടി നടപ്പില്ല, കർശന നിർദേശങ്ങളുമായി ഹൈക്കോടതി; മാർഗരേഖ പുറത്തിറക്കി

കൊച്ചി: ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളടങ്ങുന്ന മാർഗരേഖ ഹൈക്കോടതി പുറത്തിറക്കി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം ഇനിമുതല്‍ ആന എഴുന്നള്ളിപ്പ് നടത്താന്‍. ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. ആനകൾക്ക് വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി.

ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. താൽക്കാലികമായ വിശ്രമ സ്ഥലം വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ കമ്മിറ്റിയെ ബോധിപ്പിക്കണം. ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മിൽ 5 മീറ്റർ ദൂര പരിധിയുണ്ടാകണം. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും കോടതി നിർദേശിച്ചു.

എഴുന്നള്ളത്ത് നടക്കുന്ന സമയത്ത് ജനങ്ങളും ആനയും തമ്മിൽ എട്ട് മീറ്റർ ദൂര പരിധി ഉറപ്പാക്കണമെന്നും കോടതിയുടെ മാർഗരേഖ പറയുന്നു. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ ആനകളെ പൊതു നിരത്തിൽ കൂടി കൊണ്ടു പോകരുത്. മാർഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതമെന്നും കോടതി നിർദേശം നല്‍കി.

എഴുന്നള്ളിപ്പുകളില്‍ ബാരിക്കേഡ് സംവിധാനമുണ്ടാകണം. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുത്. രാത്രി 10 മുതൽ രാവിലെ നാല് മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണമെന്നും മാർഗരേഖയില്‍ പറയുന്നു. ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം. ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടു പോകരുത്. ആന എഴുന്നള്ളത്തിന് എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും ക്യാപ്ച്ചർ ബെൽറ്റുകൾ ഉപയോഗിക്കരുതെന്നും ദേവസ്വങ്ങൾക് ഹൈക്കോടതി നിർദേശം നൽകി.

More Stories from this section

family-dental
witywide