കൊച്ചി: എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കുകയറ്റിയത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ആനയെ കാട്ടിലേക്ക് ഓടിച്ചത്.
അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തി.
കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. മലയാറ്റൂർ ഡി എഫ് ഒ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലായിരുന്നു.