സിങ്കപ്പുർ: സിങ്കപ്പുരടക്കമുള്ള പല രാജ്യങ്ങളും ജനസംഖ്യാ ശോഷണം മൂലം ഇല്ലാതാകുകയാണെന്ന് ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക്. മരിയോ നൗഫല്‍ എന്ന വ്യക്തി എക്സില്‍ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്‌കിന്റെ റീട്വീറ്റ്. സിങ്കപ്പൂരിന്റെ ശിശു ജനന നിരക്കിലെ കുറവിനെക്കുറിച്ചാണ് ഇയാൾ പോസ്റ്റ് ചെയ്തത്. സിങ്കപ്പുര്‍ മാത്രമല്ല സമാന പ്രതിസന്ധിയുള്ള മറ്റ് രാജ്യങ്ങളുമുണ്ടെന്ന് മസ്‌ക് റീ ട്വീറ്റ് ചെയ്തു.
വികസിത രാജ്യങ്ങള്‍ നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ആഗോള സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മസ്‌കിന്റെ പ്രസ്താവന. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിങ്കപ്പുരിന് അതിന്റെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്കില്‍ കാര്യമായ ഇടിവ് സംഭവിച്ചു. 2023-ലെ കണക്കുപ്രകാരം 0.97 ആണ് ടി.എഫ്.ആര്‍. ആദ്യമായാണ് ഒന്നിന് താഴെപ്പോകുന്നതും. രാജ്യത്ത് ഒരുകുട്ടിപോലുമില്ലാത്ത സ്ത്രീകളുടെ എണ്ണം ധാരാളമുണ്ടെന്നും റിപ്പോർട്ടില്ഡ പറയുന്നു.
എന്നാല്‍ റോബോട്ട് സാന്ദ്രതയില്‍ സിങ്കപ്പുര്‍ ആഗോളതലത്തില്‍ രണ്ടാമതാണ്. 10,000 തൊഴിലാളികള്‍ക്ക് 770 വ്യാവസായിക റോബോട്ടുകള്‍ എന്നതാണ് കണക്ക്. ഉയര്‍ന്ന തൊഴില്‍ച്ചെലവും താരതമ്യേന ചെറിയ ഉത്പാദന അടിത്തറയുമായിട്ടും ഈ സാങ്കേതികവിദ്യ നിലനിര്‍ത്താനാണ് സിങ്കപ്പുര്‍ ശ്രമിക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതുകൊണ്ടാണ് റോബോട്ടുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.
കഴിവുള്ള തൊഴിലാളികളെ വിദേശത്തുനിന്ന് എത്തിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനാകില്ലെന്നാണ് ഇവരുടെ വാദം. കുട്ടികളെ വളര്‍ത്താനുള്ള ഭീമമായ ചെലവും ഉയര്‍ന്നുനില്‍ക്കുന്ന ജീവിത ചെലവുകളും മൂലം കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നവരാണ് അധികവും.
Elon musk concern about population drop