ന്യൂഡല്‍ഹി: മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ 100 മില്യണ്‍ ഫോളോവേഴ്സ് നേടി റെക്കോര്‍ഡ് സൃഷ്ടിച്ച് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന ലോക നേതാവായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് അഭിനന്ദിച്ചു.
‘ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍!’ എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
ജൂലൈ 14 ന്, പ്രധാനമന്ത്രി മോദിയുടെ എക്‌സിലെ ഫോളോവേഴ്‌സിന്റെ എണ്ണം, കായികതാരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സെലിബ്രിറ്റികളെയും മറികടന്ന് ഒന്നാമതെത്തിയിരുന്നു.
‘എക്‌സില്‍ നൂറു ദശലക്ഷം! ഈ ഊര്‍ജ്ജസ്വലമായ മാധ്യമത്തില്‍ ഉണ്ടായിരിക്കുന്നതിലും, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, ആളുകളുടെ അനുഗ്രഹങ്ങള്‍, ക്രിയാത്മക വിമര്‍ശനങ്ങള്‍ എന്നിവയും മറ്റും വിലമതിക്കുന്നതിലും ഞാന്‍ സന്തുഷ്ടനാണ് എന്നായിരുന്നു അന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.
മോദിയെ അപേക്ഷിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്ളത് 38.1 ദശലക്ഷം ഫോളോവേഴ്സാണ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് 11.2 ദശലക്ഷം ഫോളോവേഴ്സും, പോപ്പ് ഫ്രാന്‍സിസിന് 18.5 ദശലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്. ഈ ആഗോള നേതാക്കളെയാണ് പ്രധാനമന്ത്രി മോദിയുടെ എക്സ് പിന്തുടരുന്നവരുടെ എണ്ണം മറികടന്നത്.
സെലിബ്രിറ്റികളുടെ കാര്യത്തില്‍, ടെയ്ലര്‍ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കര്‍ദാഷിയാന്‍ (75.2 ദശലക്ഷം) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും മോദിയുടെ ഫോളോവേഴ്‌സ് പിന്നിലാക്കി. ലോകത്തെ പ്രശസ്തരായ അത്ലറ്റുകളുമായും സെലിബ്രിറ്റികളുമായും താരതമ്യപ്പെടുത്തുമ്പോള്‍ പോലും മോദിയുടെ എക്‌സ് ഫോളോവേഴ്സ് കുതിക്കുകയാണ്. ഉദാഹരണത്തിന്, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി (64.1 ദശലക്ഷം), ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ (63.6 ദശലക്ഷം), അമേരിക്കന്‍ ബാസ്‌ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (52.9 ദശലക്ഷം) എന്നിവരേക്കാള്‍ കൂടുതല്‍ അനുയായികളുണ്ട് മോദിക്ക്.