വാഷിംഗ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ നടത്തിയ പ്രതികരണത്തിൽ ഇലോണ്‍ മസ്‌കിന് പണി പാളി. ഡൊണാൾഡ് ട്രംപിന് നേരെ മാത്രം വധശ്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നാണായിരുന്നു മസ്‌ക് എക്സിൽ ചോദിച്ചത്. ഇതിനൊപ്പം തന്നെ പ്രസിഡന്‍റ് ജോ ബൈഡനേയും ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിനെയും ആരും കൊല്ലാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടെന്നും മസ് ചോദിച്ചു.
മസ്കിന്‍റെ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. വിമർശനം ശക്തമായതോടെ പണി പാളിയെന്ന് മനസിലാക്കിയ മസ്ക് കുറിപ്പ് മുക്കി തടിയൂരുകയായിരുന്നു. നേരത്തേ തൻ്റെ അനുകൂലിയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ് ഉള്ളതെന്ന് ഏവർക്കും അറിയുന്നതാണ്.
അതിനിടെ ഡൊണാള്‍ഡ് ട്രംപിനുനേരെ വധശ്രമം നടത്തിയ റയാൻ റൂത്തിനെതിരെ കുറ്റം ചുമത്തിയെന്ന വാർത്തയും അമേരിക്കയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെ പിടിയിലായ ഇയാൾക്കെതിരെ തോക്ക് ദുരുപയോഗമടക്കമുള്ള കുറ്റങ്ങളാണ് ഫെഡറൽ കോടതി ചുമത്തിയിരിക്കുന്നത്. 58 കാരനായ റയാൻ വെസ്‌ലി റൗത്തിനെ വെസ്റ്റ് പാം ബീച്ചിലെ ഫെഡറൽ കോടതിയിൽ യു എസ് മജിസ്‌ട്രേറ്റ് ജഡ്ജി റയോൺ മക്‌കേബിന് മുമ്പാകെയാണ് ഹാജരാക്കി കുറ്റം ചുമത്തിയത്.
നിയമപ്രകാരമല്ലാതെ തോക്ക് കൈവശം വച്ചതിനും ഇല്ലാതായ സീരിയൽ നമ്പറുള്ള തോക്ക് കൈവശം വച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വിചാരണ തീരും വരെ റൗത്തിനെ കസ്റ്റഡിയിൽ വയ്ക്കാൻ അനുവദിക്കണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വരെ കോടതി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.
ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് വധശ്രമം നടന്നത്. ക്ലബിനു സമീപം വെടിവെപ്പുണ്ടാവുകയായിരുന്നു. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. പ്രതിയായ റയാൻ റൂത്തിനെ പിന്നാലെ എഫ് ബി ആ പിടികൂടിയിരുന്നു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നു പ്രതി നടത്തിയതെന്നാണ് എഫ് ബി ഐ വ്യക്തമാക്കിയത്. ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് ക്ലബ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തതോടെ കാറില്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. എകെ 47 തോക്ക്, രണ്ടു ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തുനിന്നു കണ്ടെടുക്കുകയും ചെയ്തു.