സ്പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് തന്റെ സ്ഥാപനത്തിലെ ഒരു ഇൻ്റേൺ ഉൾപ്പെടെ രണ്ട് ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മറ്റൊരു ജീവനക്കാരിയോട് തൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കാന ആവശ്യപ്പെടുകയും ചെയ്തതായി ആരോപണം. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ സ്ഥാപനങ്ങളായ ടെസ്ല, സ്പേസ് എക്സ് എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷമാണ് മസ്ക് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോർഡ് അംഗങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന സമയങ്ങളിൽ എലോൺ മസ്ക് എൽഎസ്ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്റൂം, കെറ്റാമൈൻ തുടങ്ങിയ മയക്കുമരുന്നുകൾ പതിവായി ഉപയോഗിച്ചിരുന്നുവെന്നും നേരത്തേ ആരോപണമുയർന്നിരുന്നു.
മസ്കിന്റെ സ്ഥാപനങ്ങളിൽ വിദ്വിഷകരമായ തൊഴിൽ അന്തരീക്ഷമാണെന്നും റേപ്പ് ജോക്കുകൾ സാധാരണമാണെന്നും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം നൽകുകയും പരാതിപ്പെട്ട തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തൊഴിലിടത്തിൽ സെക്സിസ്റ്റ് സംസ്കാരം കൊണ്ടുവരാനാണ് മസ്ക് ഉദ്ദേശിച്ചത്. ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ ഉൾപ്പെടെ പലതും വനിത ജീവനക്കാർ സഹിക്കുകയോ അവഗണിക്കുകയോ ആണിവിടെ പതിവ്.
താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പകരം ഒരു കുതിരയെ സമ്മാനമായി നൽകാമെന്ന് 2016ൽ മസ്ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റന്റന്റ് ആരോപിച്ചിരുന്നു. മസ്കിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ നിരവധി തവണ തന്നോട് ആവശ്യപ്പെട്ടതായി കാണിച്ച് 2013ൽ സ്പേസ് എക്സിലെ മറ്റൊരു വനിത ജീവനക്കാരിയും പരാതിപ്പെട്ടിരുന്നു. പിന്നീടവർ കമ്പനിയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.