‘ചിലർ വരുമ്പോൾ ചരിത്രം വഴിമാറും’; ലോകത്തെ ആദ്യ ട്രില്യണയറാവാൻ ഇലോൺ മസ്‌ക്; തൊട്ടുപിന്നാലെ ഗൗതം അദാനി

അടുത്ത മൂന്നുവർഷത്തോടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് മാറുമെന്ന് ഇൻഫോർമ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോർട്ട്. ടെസ്‌ല, സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് (മുമ്പ് ട്വിറ്റർ) എന്നിവയെ നയിക്കുന്ന ഇലോൺ മസ്‌കിൻ്റെ സമ്പത്ത് പ്രതിവർഷം ശരാശരി 110% വർധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 251 ബില്യൺ ഡോളറുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോൺ മസ്‌ക്.

ട്രില്യണയർ പദവി നേടുന്ന രണ്ടാമത്തെയാളായി ഇന്ത്യയിലെ ബിസിനസ് കമ്പനി സ്ഥാപകൻ ഗൗതം അദാനി മാറുമെന്ന് അക്കാദമിയുടെ വിശകലനം സൂചിപ്പിക്കുന്നു. അദാനിയുടെ വാർഷിക വളർച്ചാ നിരക്ക് 123 ശതമാനത്തിൽ തുടരുകയാണെങ്കിൽ 2028ൽ അത് സംഭവിക്കുമെന്നാണ് റിപ്പോർട്ട്.

ടെക് സ്ഥാപനമായ എൻ.വി.ഡിയയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ഊർജ-ഖനന വ്യവസായി പ്രജോഗോ പാൻഗെസ്റ്റു എന്നിവരും നിലവിലെ തങ്ങളഉടെ വളർച്ച തുടരുകയാണെങ്കിൽ 2028ൽ ശതകോടീശ്വരന്മാരാകും. 2030ൽ ഒരു ട്രില്യൺ ഡോളർ നേടാനുള്ള പാതയിലാണ് മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ്.