ഇലോൺ മസ്‌കിന് ടെസ്‌ല നല്‍കുന്ന ഭീമൻ ശമ്പളം ഡെലവേര്‍ കോടതി അസാധുവാക്കി

ഇലോൺ മസ്‌കിന് ടെസ്‌ല നല്‍കുന്ന ഭീമമായ ശമ്പള പാക്കേജ് അമേരിക്കയിലെ ഡെലവേര്‍ കോടതി അസാധുവാക്കി ജഡ്ജി കാതലിന്‍ മക്കോര്‍മിക് വിധി പുറപ്പെടുവിച്ചു. സിഇഒ ആയ മസ്‌കിന് ടെസ്‌ല നല്‍കുന്ന 5600 കോടി ഡോളര്‍ ശമ്പളം അധികമാണെന്ന് കാണിച്ച് ഓഹരി ഉടമ റിച്ചാര്‍ഡ് ടോര്‍നെറ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എന്നാല്‍ വിധിക്കെതിരെ മസ്‌കിന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധിക്കും.

അതേസമയം, ഡെലവേര്‍ സംസ്ഥാനത്ത് ഒരിക്കലും നിങ്ങള്‍ കമ്പനി തുടങ്ങരുതെന്ന് വിധിക്ക് പിന്നാലെ സമൂഹ മാധ്യമമായ എക്‌സിലൂടെ മസ്‌ക് പ്രതികരിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് റിച്ചാര്‍ഡ് ടോര്‍നെറ്റ് കേസ് ഫയല്‍ ചെയ്തത്. പ്രതിഫലവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഉചിതമല്ലാത്ത ചര്‍ച്ചകള്‍ നടത്തിയെന്നും ബോര്‍ഡ് സ്വാതന്ത്ര്യമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും കേസില്‍ പറയുന്നു.

ടെസ്‌ലയുമായുള്ള മസ്‌കിന്റെ കരാര്‍ ഒരു എക്‌സിക്യൂട്ടീവിന് ഇതുവരെ നല്‍കിയ ഏറ്റവും വലിയ ശമ്പള പാക്കേജാണ്. മസ്‌കിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ഭാഗവും ഈ ശമ്പളമാണ്. കഴിഞ്ഞ നവംബറില്‍ വിചാരണ നടക്കുന്ന വേളയില്‍ തന്റെ ഈ പണം ഗ്രഹങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ”മനുഷ്യരാശിയെ ചൊവ്വയിലേക്കെത്തിക്കാനുള്ള വഴിയാണിത്. ഇത് സാധ്യമാക്കാന്‍ ടെസ്‌ലയ്ക്ക് സാധിക്കും,,’ എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

ലോകത്തിലെ ഏറ്റവും വലിയ സംരഭകരില്‍ ഒരാള്‍ ടെസ്‌ലയില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടുവെന്ന് ഉറപ്പാക്കാനാണ് കമ്പനി ഈ ശമ്പളം നല്‍കിയതെന്നാണ് ഒരാഴ്ച നീണ്ടു നിന്ന വിചാരണയില്‍ ടെസ്‌ലയുടെ ഡയറക്ടര്‍മാര്‍ നല്‍കുന്ന വാദം. ഓഹരി ഉടമകളെ സംബന്ധിച്ച് വലിയ ഡീലാണ് ഈ ശമ്പള പാക്കേജെന്നും കമ്പനിയുടെ അതിസാധാരണമായ വിജയത്തിലേക്കാണിത് നയിച്ചതെന്നും 2007 മുതല്‍ 2021 വരെ ടെസ്‌ലയുടെ ഡയറക്ടറായ അന്റോണിയോ ഗ്രേഷ്യസ് പറഞ്ഞു.

ചെറിയ തുക ശമ്പളമായി നല്‍കാനും മറ്റൊരു സിഇഒയെ നിയമിക്കാനും കമ്പനിക്ക് അധികാരമുണ്ടെന്നും മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നതിന് പകരം മസ്‌കിനോട് മുഴുവന്‍ സമയവും ടെസ്‌ലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

ശമ്പള പാക്കേജ് അനുവദിച്ചതില്‍ ടെസ്‌ല ബോര്‍ഡിന് പിഴവ് സംഭവിച്ചുവെന്നും ശമ്പളം സംബന്ധിച്ച് ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ ടെസ്‌ലക്കോ മസ്‌കിന്റെ അഭിഭാഷകനോ സാധിച്ചില്ലെന്നും കോടതി പറഞ്ഞു. 201 പേജുള്ള വിധി പ്രസ്താവത്തില്‍ അളവില്ലാത്ത തുകയാണ് മസ്‌കിന് ശമ്പളമായി നല്‍കിയതെന്നും മക്കോര്‍മിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടെസ്‌ലയുടെ ഓഹരിവിലയിൽ ഏകദേശം 3 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 20 ശതമാനത്തിലധികം നഷ്ടമാണ് ടെസ്‌ലയ്ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം മസ്‌ക് സാമൂഹ്യ മാധ്യമ കമ്പനിയായ ട്വിറ്റര്‍ വാങ്ങുകയും അത് എക്‌സ് എന്ന് പുനര്‍നാമകരണം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ന്യൂറാലിങ്ക്, ബോറിംഗ് കോ, സ്‌പേസ് എക്‌സ് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പുകളും മസ്‌കിന്റേതായുണ്ട്.

Elon Musk must give up ‘biggest ever’ $56 billion Tesla pay package says Delaware court