ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ നഗരമായ ന്യുയോർക്കിൽ അതിക്രമം വർധിച്ചുവരുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച ടിക്ക് ടോക്ക് താരത്തെ പിന്തുണച്ച് എലോൺ മസ്ക്ക് അടക്കം നിരവധിപേർ രംഗത്ത്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടിവരികയാണെന്നും കൃത്യമായ നടപടിയെടുക്കാൻ ഭരണകർത്താക്കൾക്ക് സാധിക്കില്ലെന്നുമാണ് ടിക്ക് ടോക്ക് താരത്തിന്‍റെ വീഡിയോ പങ്കുവച്ച് എലോൺ മസ്ക് എക്സിൽ കുറിച്ചത്. ന്യൂയോർക്ക് അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഇതാണ് കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള കാരണമെന്നും മസ്ക് അഭിപ്രായപ്പെട്ടു. ദിനം പ്രതി ഇത് വർധിക്കുകയാണെന്നും കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറാകണമെന്നും മസ്ക് ആവശ്യപ്പെട്ടു.പത്തു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഹാലി കേറ്റ് എന്ന ടിക് ടോക് ഇൻഫ്ലുവൻസറാണ് ന്യുയോർക്ക് നഗരത്തിൽ നേരിടേണ്ടി വന്ന അതിക്രമം വിവരിച്ച് എക്സ് പ്ലാറ്റ് ഫോമിലൂടെ രംഗത്തെത്തിയത്. ന്യൂയോർക്കിലെ മാൻഹാറ്റനിലൂടെ നടക്കുമ്പോൾ ഒരാൾ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ് ഹാലി കേറ്റ് വേദനയോടെ പറഞ്ഞത്. ന്യൂയോർക്കിലെ തെരുവുകളിൽ സ്ത്രീകൾ നിരന്തരം ആക്രമണം നേരിടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും ഹാലി കേറ്റ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ നടപടി വേണമെന്നും എന്തും ചെയ്യാമെന്നുള്ള ക്രിമിനലുകളുടെ ധാർഷ്ട്യം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചുള്ള ഹാലി കേറ്റിന്‍റെ വിഡിയോ 46 മില്യൻ ആളുകളാണ് കണ്ടത്.എല്ലാവരും ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ നഗരങ്ങളിൽ ഇത്തരം കുറ്റവാളികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പക്കാനാകില്ലെന്നും കർശന നടപടികളിലൂടെ ക്രിമിനലുകളെ പിടികൂടി ശിക്ഷിക്കണമെന്നുമാണ് ഏവരും ആവശ്യപ്പെടുന്നത്.
Elon Musk Reacts To Women Being Punched In New York