‘ഒരു തരി പോലും കിട്ടിയില്ല’; മയക്കുമരുന്ന് ആരോപണങ്ങളോട് പ്രതികരിച്ച് മസ്ക്

ന്യൂയോർക്ക്: എൽഎസ്ഡി, കൊക്കെയ്ൻ, എക്സ്റ്റസി, കെറ്റാമൈൻ തുടങ്ങിയ നിയമവിരുദ്ധ മയക്കുമരുന്നുകൾ താൻ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. മൂന്ന് വർഷം പലതവണ മയക്കുമരുന്ന് പരിശോധനന നടത്തിയിട്ടും തന്റെ ശരീരത്തിൽ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ അംശം കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ മസ്ക്, ലോകമെമ്പാടുമുള്ള പാർട്ടികളിൽ പതിവായി നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്നും ഇത് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ബോർഡ് അംഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുവെന്നും അടുത്തിടെ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മസ്കിന്റെ വിശദീകരണം.

“റോഗനൊപ്പമുള്ള പോഡ്കാസ്റ്റിൽ ആ ഒരു പുക എടുത്തതിനു ശേഷം, നാസയുടെ അഭ്യർത്ഥന പ്രകാരം, 3 വർഷം പലതവണ ഞാൻ ഡ്രഗ് പരിശോധനയ്ക്ക് വിധേയനായി. മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ ഒരംശം പോലും കണ്ടെത്തിയില്ല.”

2018 ലെ ജോ റോഗൻ പോഡ്‌കാസ്റ്റിൽ ജോ റോഗനൊപ്പമുള്ള ഒരു അഭിമുഖത്തിനിടെ എലോൺ മസ്ക് കഞ്ചാവ് വലിക്കുന്നതും വിസ്കി കഴിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ മസ്കിന്റെ കമ്പനിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നാസ ഉത്തരവിട്ടിരുന്നു. ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി നാസയുടെ സഞ്ചാരികളെ അയക്കാനുള്ള കരാര്‍ ലഭിച്ച കമ്പനികളിൽ ഒന്നാണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്നുകളുടെ ഉപയോഗം മസ്കിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയിലും ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലുമുണ്ടെന്ന് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും അനൗദ്യോഗികമായി പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെസ് ലയിലെ മുന്‍ ഡയറക്ടരായ ലിന്‍ഡ ജോണ്‍സണ്‍ 2019 ല്‍ കമ്പനി വിട്ടത് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തേയും മോശം പെരുമാറ്റത്തേയും തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.