ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ യുദ്ധത്തില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പിന്നോട്ടു പോകില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പുടിന്‍ കൊല്ലപ്പെടുമെന്നും പറഞ്ഞ് എക്‌സ് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ പുടിന് വലിയ സമ്മര്‍ദ്ദമുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.
മസ്‌ക് തന്റെ എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായ എക്സ് സ്പെയ്സില്‍ തിങ്കളാഴ്ച ഒരു ചര്‍ച്ചയ്ക്കിടെയിലാണ് അഭിപ്രായം പങ്കുവെച്ചത്. യുദ്ധത്തില്‍ നിന്ന് പുടിന്‍ പിന്മാറുകയോ യുദ്ധം തോല്‍ക്കുകയോ ചെയ്താല്‍ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ മസ്‌ക് യുദ്ധത്തില്‍ വിജയിക്കാനുള്ള ഉക്രെയ്നിന്റെ കഴിവിനെ സംശയിക്കുകയും സഹായത്തിനായുള്ള ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനകളെ പരിഹസിക്കുകയും ചെയ്തുകൊണ്ട് തല്‍ മുമ്പും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വിസ്‌കോണ്‍സിനിലെ റോണ്‍ ജോണ്‍സണ്‍, ഒഹായോയിലെ ജെഡി വാന്‍സ്, യൂട്ടായിലെ മൈക്ക് ലീ, മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി, ക്രാഫ്റ്റ് വെഞ്ചേഴ്സ് എല്‍എല്‍സിയുടെ സഹസ്ഥാപകന്‍ ഡേവിഡ് സാക്‌സ് എന്നിവരും മസ്‌കിനൊപ്പം ചര്‍ച്ചയിലുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച യുദ്ധത്തില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്നതിന് ഉക്രെയ്നിന് കൂടുതല്‍ സഹായം നല്‍കുന്ന സെനറ്റ് ബില്ലിനെ എതിര്‍ക്കുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
യുക്രൈനില്‍ പുടിന്‍ തോല്‍ക്കില്ലെന്ന ജോണ്‍സന്റെ പ്രസ്താവനയോട് യോജിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ പരാമര്‍ശം എത്തിയത്. ഉക്രെയ്ന്‍ വിജയം പ്രതീക്ഷിച്ചിരുന്നവര്‍ ഒരു ഫാന്റസി ലോകത്താണ് ജീവിക്കുന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു.
യുക്രെയ്ന്‍ ബില്ലിനെക്കുറിച്ച് അമേരിക്കക്കാര്‍ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഈ പണം ഉക്രെയ്‌നെ സഹായിക്കില്ലെന്നും യുദ്ധം നീണ്ടുനില്‍ക്കുന്നത് ഉക്രെയ്‌ന് ഗുണം ചെയ്യില്ലെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.