നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ ഉപദേശകനായി ചേരുന്ന എലോൺ മസ്‌ക് വെള്ളിയാഴ്ച ജർമ്മൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ മാരകമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.
“ഷോൾസ് ഉടൻ രാജിവയ്ക്കണം,കഴിവില്ലാത്ത വിഡ്ഢി.” മസ്ക് എക്സിൽ പോസ്റ്റ് ചെയ്തു.
ജർമ്മൻ നഗരമായ മാഗ്ഡെബർഗിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ മസ്‌ക് പ്രതികരിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജര്‍മനിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ തീവ്ര വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്‌ക് നേരത്തെ തന്നെ മുന്നോട്ടു വന്നിരുന്നു. അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) പാര്‍ട്ടിക്കാണ് മസ്‌ക് തന്റെ പരസ്യ പിന്തുണ അറിയിച്ച് വെള്ളിയാഴ്ച പോസ്റ്റ് ചെയ്തത്. അടുത്ത ഫെബ്രുവരിയിലാണ് ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പ്. ‘എ.എഫ്.ഡി.ക്ക് മാത്രമേ ജര്‍മനിയെ രക്ഷിക്കാനാവൂ’ എന്ന് മസ്‌ക് പോസ്റ്റുചെയ്തു.
നിലവില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജര്‍മനിയില്‍ രണ്ടാമതാണ് എ.എഫ്.ഡി.യുടെ സ്ഥാനം. തങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി എ.എഫ്.ഡി. അടുത്തിടെ കുടിയേറ്റ വരുദ്ധവും ജനപ്രിയവുമായ ‘ജര്‍മനി ഫസ്റ്റ്’ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നാസി കാലഘട്ടത്തിലെ ആശയങ്ങളും മുദ്രാവാക്യങ്ങളും പിന്തുടരുന്ന പാര്‍ട്ടി എന്ന അപഖ്യാതി എ.എഫ്.ഡി.ക്കെതിരേ നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ജര്‍മനിയില്‍ കൂടുതല്‍ പാര്‍ട്ടികളും എ.എഫ്.ഡി.യുമായി സഖ്യം ചേരാന്‍ ആഗ്രഹിക്കുന്നില്ല.
Elon Musk Slams German Chancellor Over Market Attack