12ാമത്തെ കുഞ്ഞിനെ വരവേറ്റ് ഇലോൺ മസ്ക്; ഉയർന്ന ഐക്യു ഉള്ളവർ കൂടുതൽ പ്രത്യുത്പാദനം നടത്തി ജനസംഖ്യ ഉയർത്തണമെന്ന് ആഹ്വാനം

വാഷിംഗ്ടൺ ഡിസി: സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌കിന് 12-ാമത്തെ കുഞ്ഞ് പിറന്നു. ബ്രെയിൻ ഇംപ്ലാന്റേഷൻ കമ്പനിയായ ന്യൂറലിങ്കിന്റെ ടോപ്പ് മാനേജർ ശിവോൺ സിലിസിലാണ് ഇലോൺ മസ്‌കിന് 12-ാമത്തെ കുഞ്ഞ് പിറന്നത്. 2021-ൽ മസ്‌കിന്റെ രണ്ട് ഇരട്ടകുട്ടികൾക്കും സിലിസ് ജന്മം നൽകിയിരുന്നു.

പന്ത്രണ്ടാമത്തെ കുഞ്ഞുണ്ടായ വിവരം മസ്‌ക് പുറത്തുവിട്ടിരുന്നില്ല. എന്നാൽ പിന്നീട് സംഭവം പുറത്തറിഞ്ഞപ്പോൾ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നും തനിക്കും കുടുംബത്തിനും അടുപ്പമുള്ളവർക്കും ഇക്കാര്യം അറിയാമെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന വിവരമോ കുഞ്ഞിന്റെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മസ്‌കിന് ഏറ്റവും ആദ്യം ജനിച്ച കുട്ടി ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് മറ്റു 11 കുട്ടികള്‍ ജനിച്ചത്. തനിക്ക് കുഞ്ഞ് പിറന്നത് ഒരു രഹസ്യമല്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കുന്നത് വിചിത്രമായിരിക്കുമെന്നുമായിരുന്നു പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നതിനു ശേഷം പേജ് സിക്സിനോടുള്ള മസ്‌കിന്റെ പ്രതികരണം.

ജനനനിരക്കിലുണ്ടാകുന്ന ഇടിവാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് 2022 ല്‍ മസ്‌ക് പറഞ്ഞിരുന്നു. ഇത് പരിഹരിക്കാനായി, ഉയർന്ന ഐ.ക്യു ഉള്ള വ്യക്തികൾ പ്രത്യുത്പാദനം നടത്തണമെന്നും മസ്‌ക് പറഞ്ഞിരുന്നു. തനിക്ക് സമയം ചെലവഴിക്കാനാവുകയും നല്ല അച്ഛനായിരിക്കാന്‍ സാധിക്കുകയും ചെയ്യുന്നിടത്തോളം പരമാവധി കുട്ടികളെ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മസ്‌ക് പറയുന്നത്.

അതേസമയം, കമ്പനിയിലെ ജീവനക്കാരികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മസ്‌ക് നിർബന്ധിച്ചിരുന്നതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു.