അനധികൃത കുടിയേറ്റക്കാരുടെ വിമര്‍ശകനായ മസ്‌കിന് പണികൊടുത്ത് വാഷിംഗ്ടണ്‍ പോസ്റ്റ്; മസ്‌കും കരിയറിന്റെ തുടക്കത്തില്‍ യുഎസില്‍ ‘നിയമവിരുദ്ധമായി’ ജോലി ചെയ്തു

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ ശക്തമായ വിമര്‍ശകനും ഡോണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനുമായ ഇലോണ്‍ മസ്‌ക് തന്റെ കരിയറിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ‘നിയമവിരുദ്ധമായി’ പ്രവര്‍ത്തിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാരെ അധിനിവേശക്കാരായും കുറ്റവാളികളായും വര്‍ഷങ്ങളായി ചിത്രീകരിച്ചതിന് പലപ്പോഴും മസ്‌ക് പുകഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മസ്‌ക് ‘നിയമവിരുദ്ധമായി’ അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മസ്‌ക്, 1995-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം പാതിയില്‍ ഉപേക്ഷിച്ച് തന്റെ ആദ്യ കമ്പനിയായ സിപ് 2-ല്‍ ജോലി ചെയ്തുവെന്നും ഇക്കാലയളവില്‍ കൃത്യമായ അനുമതിയില്ലാതെയാണ് ജോലി ചെയ്തിരുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസിലെ ഒരു വിദേശ വിദ്യാര്‍ത്ഥിയായതിനാല്‍, നിയമങ്ങള്‍ക്കനുസൃതമായി ഒരു കമ്പനി നടത്തുന്നതിനായി മസ്‌കിന് പഠനം ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഈ നിയമം മറി കടന്നായിരുന്നു മസ്‌ക് തന്റെ കരിയറിലേക്ക് ചുവടുവെച്ചത്.

ഇതൊക്കെയാണെങ്കിലും, ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരു സംരംഭകനായി മാറുന്നതിനുള്ള മസ്‌കിന്റെ പ്രയത്‌നത്തെ പലരും അഭിനന്ദിക്കുന്നുണ്ട്. അതേസമയം, ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ആളാണോ കുടിയേറ്റക്കാരെ ഇത്രകണ്ട് വിമര്‍ശിക്കുന്നതെന്നും ചോദ്യം ഉയരുന്നു.