
ന്യൂയോർക്: ടെസ്‌ല സിഇഒയും കോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ ശമ്പള പാക്കേജ് വർധിപ്പിക്കാനുള്ള അഭ്യർഥന യു.എസ് കോടതി തള്ളി.
56 ബില്യൻ ഡോളര്‍ ശമ്പള പാക്കേജാണ് തള്ളിയത്. നേരത്തെ ഇതേ പാക്കേജ് തള്ളിയ ജനുവരിയിലെ വിധി യു.എസ് കോടതി ശരിവെച്ചു. ഷെയർഹോൾഡർ വോട്ടിലൂടെ മസ്‌കിന്റെ ശമ്പളം പാക്കേജ് വർധിപ്പിക്കാനാണ് ടെസ്‍ല ശ്രമിച്ചത്. എന്നാൽ നീക്കത്തിന് നിയമസാധുതയില്ലെന്ന് ഡെലവേഴ്സ് കോര്‍ട്ട് ഓഫ് ചാന്‍സറിയിലെ ചാന്‍സലര്‍ കാതലീന്‍ മകോര്‍മിക് ചൂണ്ടിക്കാട്ടി.
ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2018 മുതല്‍ മസ്‌കിന് നല്‍കുന്ന ശമ്പളപാക്കേജ് റദ്ദാക്കാന്‍ കോടതി വിധിച്ചത്. മസ്‌കിന്റെ കീഴില്‍ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വർധിപ്പിക്കുന്നത് മനസ്സിലാക്കാമെങ്കിലും എന്നാല്‍ ഇത്രയും വലിയ തുക ദോഷമായി മാറുമെന്നും കോടതി പറഞ്ഞു.
അറ്റോർണി ഫീസായി 345 മില്യൻ ഡോളറും കോടതി വിധിച്ചു. ശമ്പള പാക്കേജുമായി ബന്ധപ്പെട്ട് ടെസ്‌ലയുടെ ബോർഡ് യോഗങ്ങളെ മസ്‌ക് തെറ്റായി സ്വാധീനിച്ചതായും കോടതി വിധിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എക്സിലൂടെ ടെസ്‍ല അറിയിച്ചു. ‘ഷെയർഹോൾഡർമാരാണ് കമ്പനി വോട്ടുകൾ നിയന്ത്രിക്കേണ്ടത്, ജഡ്ജിമാരല്ല’ എന്ന് വിധിക്ക് പിന്നാലെ ട്വിറ്ററിൽ കുറിച്ചു.
elon musk’s salary cannot increase, says court