ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇസ്രായേലിലും ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നേടി. ഹമാസിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയുന്നതിനുള്ള നിരവധി നടപടികള്‍ അംഗീകരിച്ചതിന് ശേഷമാണ് സ്റ്റാര്‍ ലിങ്കിന് ഇസ്രയേലിലേക്ക് എത്താനായത്.
ഇസ്രയേലിലും ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളിലും എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കമ്മ്യൂണിക്കേഷന്‍ മന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചു. ഇസ്രായേലിലെ ചില അധികാരികള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നും ദക്ഷിണ ഗാസയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നടത്തുന്ന ഒരു ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായും ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പറഞ്ഞു.
കരാര്‍ പ്രകാരം, ഗാസയുടെ തെക്കന്‍ നഗരമായ റാഫയില്‍ എമിറാത്തി നടത്തുന്ന ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഇന്റര്‍നെറ്റ് സ്റ്റാര്‍ലിങ്ക് ലഭ്യമാക്കും.
ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റുകളുടെ സഹായത്തോടെ സ്റ്റാര്‍ലിങ്കിന്റെ ശൃംഖലയ്ക്ക് വിദൂര സ്ഥലങ്ങളിലേക്കോ സാധാരണ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയ പ്രദേശങ്ങളിലേക്കോ ഇന്റര്‍നെറ്റ് നല്‍കാന്‍ കഴിയും.