ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ രാജ്യം വിട്ട പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം കാണാതായി. വിമതര്‍ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിക്കുന്നതിന് മുമ്പായിരുന്നു പ്രസിഡന്റ് പലായനം ചെയ്തത്. സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കൈയിലായതോടെ ഐ എല്‍-76 എയര്‍ക്രാഫ്റ്റില്‍ അസദ് രക്ഷപ്പെട്ടുവെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപോര്‍ട്ടുകള്‍.
റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള വ്യോമാതിര്‍ത്തിക്ക് പുറത്തു വെച്ച് താഴേക്ക് പതിച്ചതായി ഓപണ്‍ സോഴ്‌സ് ഫ്‌ളൈറ്റ് ട്രാക്കേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. അസദിന്റെ വിമാനം ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിമാനം വെടിവെച്ചിട്ടതായും അസദ് കൊല്ലപ്പെട്ടതായും അഭ്യൂഹങ്ങളുണ്ട്. അതേസമയം, വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.
സിറിയന്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അസദ് രാജ്യം വിട്ടത്. കഴിഞ്ഞ മാസം അവസാനത്തോടെ വടക്ക് പടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തിലെത്തിച്ചത്. വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അസദ് അടക്കമുള്ളവര്‍ രാജ്യം വിട്ടത്.
വിമതസേന തലസ്ഥാനത്തു പ്രവേശിച്ച ഉടന്‍ ബഷര്‍ അല്‍ അസദ് വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പോയതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തത്. സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, ആയിരക്കണക്കിനു പേര്‍ സിറിയന്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. തലസ്ഥാനമായ ദമാസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബഷര്‍ അല്‍ അസദിന്റെ പിതാവിന്റെ പ്രതിമ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജനം രാജ്യത്തെ ജയിലുകള്‍ കൈയേറി പ്രതികളെ മോചിപ്പിക്കുന്നതായും റിപോര്‍ട്ടുണ്ട്.