മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എന്‍സിപി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്ര മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു സിദ്ദീഖ് കോണ്‍ഗ്രസിനോടൊപ്പമുള്ള 48 വര്‍ഷത്തെ ജീവിതം അവസാനിക്കുകയാണെന്നും യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയറിയിക്കുന്നതായും ബാബ സിദ്ദീഖ് പറഞ്ഞു.
ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസില്‍ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി പ്രഖ്യാപനം എത്തിയിരിക്കുന്നത്.
ഈ മാസം ആദ്യം സിദ്ദീഖും മകന്‍ സീഷാനും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ സിദ്ദിഖ് മഹാരാഷ്ട്ര ഹൗസിംഗ് ആന്റ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ മുംബൈ ഡിവിഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.