തനിക്കെതിരായ കേസ് മാപ്പു സാക്ഷികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലെന്ന് കെജ്രിവാൾ കോടതിയിൽ; ഇഡി ഹൈക്കോടതിയിലേക്ക്

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പക്കൽ തെളിവില്ലെന്ന് കെജ്‌രിവാളിൻ്റെ അഭിഭാഷകൻ. ആം ആദ്മി പാർട്ടി (എഎപി) നേതാവിനെതിരെ ഇഡി രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും മാപ്പ് സാക്ഷികളുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഡൽഹി കോടതിയെ അറിയിച്ചു. എന്നാൽ തെളിവ് ശേഖരിക്കാൻ പ്രയാസമുള്ള കേസുകളിൽ മാപ്പു സാക്ഷികളെ നിയമം അംഗീകരിക്കുന്നുണ്ടെന്ന് ഇഡി കോടതിയിൽ വാദിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഇഡി നാളെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡൽഹി മുഖ്യമന്ത്രി എന്ന പ്രത്യേക പരിഗണന വേണമെന്ന് താൻ അവകാശപ്പെടുന്നില്ലെന്നും എന്നാൽ ആ ഭരണഘടന പദവി ബഹുമാനിക്കണമെന്നും കെജ്രിവാൾ കോടതിയിൽ വാദിച്ചു. തനിക്ക് പല തവണ ഇഡി സമൻസ് നൽകിയെന്നും ഇത് സാക്ഷിയായാണോ പ്രതിയെന്ന സംശയത്തിലാണോ എന്ന് ഇഡിയോട് നവംബർ മുതൽ ചോദിച്ചിരുന്നെങ്കിലും ജനുവരിയിൽ മാത്രമാണ് ഉത്തരം ലഭിച്ചതെന്ന് കെജ്രിവാൾ അറിയിച്ചു.

തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വ്യക്തിയെന്ന നിലയിലാണെന്നായിരുന്നു ആദ്യം ഇഡിയിൽ നിന്നും ലഭിച്ച മറുപടി. എന്നാൽ എഎപി കൺവീനർ, ഡൽഹി മുഖ്യമന്ത്രി എന്നീ നിലകളിൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ചോദ്യം ചെയ്യാൻ സമൻസ് നൽകിയെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

2023 ജൂലൈ മുതൽ ആഗസ്ത് വരെ തനിക്കെതിരെ മൊഴികൾ രേഖപ്പെടുത്തി. എന്നാല് അറസ്റ്റ് നടത്തിയത് പിന്നെയും മാസങ്ങൾ കഴിഞ്ഞ് മാത്രമാണെന്നത് കെജ്രിവാൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. വിശ്വാസ്യത ഇല്ലാത്ത മൊഴികളാണ് കോടതിക്കു മുമ്പാകെ തെളിവായി സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഈ മൊഴികൾ സാധൂകരിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാൾ വാദിച്ചു. ആരോഗ്യപ്രശ്നങ്ങളും ജാമ്യം അനുവദിക്കാനുള്ള കാരണമായി പരിഗണിക്കണമെന്നും കെജ്രിവാൾ കോടതിയെ അറിയിച്ചു.

എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ആം ആദ്മി പാർട്ടിക്കുവേണ്ടി അരവിന്ദ് കെജ്രിവാൾ സൗത്ത് ഗ്രൂപ്പിൽ നിന്ന് പണം ആവശ്യപ്പെട്ടെന്നും മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മാപ്പുസാക്ഷിയുടെ മൊഴി ഇതിന് തെളിവാണെന്നും ഇഡി വാദിച്ചു. വ്യക്തിപരമായും എഎപി കൺവീനർ എന്ന നിലയിലും കെജ്രിവാളിന് ഡൽഹി മദ്യനയക്കേസിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡി ഉറച്ചു നിന്നു.

കുറ്റം ചെയ്തില്ലെന്ന് തെളിയാതെ അരവിന്ദ് കെജ്രിവാൾ ജാമ്യത്തിന് അർഹനല്ലെന്നും ഭരണഘടനാ പദവി വഹിക്കുന്നു എന്നത് ജാമ്യത്തിന് അർഹത നൽകുന്നില്ലെന്നും ഇഡി വാദിച്ചു. സാക്ഷി മൊഴികളുടെ വിശ്വാസ്യത തെളിയിക്കേണ്ടത് വിചാരണയുടെ ഘട്ടത്തിലാണെന്നും ഇഡി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide