
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി വെളിപ്പെടുത്തി. കവിതയെ ചോദ്യംചെയ്തതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ.
അഴിമതിയും ഗൂഢാലോചനയും വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലിയുടെ രൂപത്തിൽ അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി കവിത സ്വരൂപിച്ചുവെന്നുമാണ് ഇ ഡിയുടെ ആരോപണം. ഡല്‍ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15 വെള്ളിയാഴ്ചയായിരുന്നു ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു റെയ്ഡ്. കവിതയുടെ അഞ്ച് ഫോണുകളും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കൈക്കൂലി ഇനത്തില്‍ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിച്ചിരുന്നു.