ജോർദാന്റെ ഹാട്രിക്ക്, ബട്ലറുടെ വെടിക്കെട്ട്! അമേരിക്കയെ തുരത്തി ഇംഗ്ലണ്ട് സെമി ടിക്കറ്റ് സ്വന്തമാക്കി

ടി20 ലോകകപ്പ് പോരാട്ടത്തിൽ അമേരിക്കയെ നിലപരിശാക്കി ഇംഗ്ലണ്ട് സെമി ടിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പിന്റെ സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീം ആണ് ഇംഗ്ലീഷ് പട. അമേരിക്കക്കെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ജോസ് ബട്‌ലറും സംഘവും സെമി ഫൈനലിന് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. സ്‌കോർ അമേരിക്ക 115; ഇംഗ്ലണ്ട് 117.

ഓപ്പണർമാരായ ഫിൽ സാൾട്ടും ജോസ് ബട്‌ലറും ചേർന്ന് ഇംഗ്ലണ്ടിന് ഗംഭീരമായ തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ ഇരുവരും ചേർന്ന് 60 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. ബ്ടലർ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് അതിവേഗം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആക്രമണം അഴിച്ചുവിട്ട ബട്‌ലറിന് സാൾട്ടും മികച്ച പിന്തുണ നൽകി. 38 പന്തിൽ 83 റൺസാണ് ബട്‌ലർ സ്വന്തമാക്കിയത്. 7 സിക്‌സറുകളും 6 ബൗണ്ടറികളും ഉൾപ്പെടെയാണിത്. സാൾട്ട് 21 പന്തിൽ നിന്ന് 2 ബൗണ്ടറിയടക്കം 25 റൺസ് സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്ക 18.5 ഓവറിൽ 115 റൺസിന് പുറത്തായി. അഞ്ചിന് 115 എന്ന നിലയിലായിരുന്ന യുഎസ്എ പിന്നീടുള്ള അഞ്ച് വിക്കറ്റുകളും ഒരു റൺ പോലും സ്‌കോർ ബോർഡിലേക്ക് ചേർക്കാനാവാതെയാണ് നഷ്ടപ്പെടുത്തിയത്. ക്രിസ് ജോർദാന്റെ നാല് വിക്കറ്റ് പ്രകടനമാണ് അമേരിക്കയെ കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയത്. ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും ജോർദാന് സ്വന്തമായി. 2.5 ഓവറിൽ കേവലം 10 റൺസ് മാത്രം വഴങ്ങിയാണ് ക്രിസ് ജോർദാൻ നാല് വിക്കറ്റ് വീഴ്‌ത്തിയത്. സാം കറനും ആദിൽ റഷീദും രണ്ടു വിക്കറ്റുകൾ വീതമെടുത്ത് മികച്ച പിന്തുണയേകി. 30 റൺസെടുത്ത നിതീഷ് കുമാറാണ് യുഎസ്എ ടീമിലെ ടോപ് സ്‌കോറർ. സ്റ്റീവൻ ടെയ്ലർ (12), ആരോൺ ജോൺസ് (10), കോറീ ആൻഡേഴ്‌സൺ(29), ഹർമീത് സിംഗ് എന്നിവരാണ് അമേരിക്കൻ നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ.

More Stories from this section

family-dental
witywide