സ്വിറ്റ്സർലന്റിന്റെ പോരാട്ടവീര്യം ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട്, യൂറോ സെമി ടിക്കറ്റും സ്വന്തം!

ഡസൽഡോർഫ്: യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തുരത്തി ഇംഗ്ലണ്ട് സെമി ടിക്കറ്റ് സ്വന്തമാക്കി. താരസമ്പന്നമായ ഇംഗ്ലീഷ് പടയെ നിശ്ചിത സമയത്തും അധികമസയത്തും 1-1ന് സമനിലയിൽ കുരുക്കിയെങ്കിലും സ്വിസ് പടക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽപിഴച്ചു. 5-3നായിരുന്നു ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ വിജയം. സ്വിറ്റ്സർലൻഡിനായി അകാൻജിയെടുത്ത ആദ്യ കിക്ക് ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോഡ് തടഞ്ഞിടുകയായിരുന്നു. ഇംഗ്ലണ്ടിനായി കിക്കെടുത്ത കോൾ പാൽമർ, ബെല്ലിങ്ഹാം, സാക, ഇവാൻ ടോണി, അലക്സാണ്ടർ ആർനോൾഡ് എന്നിവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ സ്വിസ് പടക്ക് വേണ്ടി ഫാബിയൻ ഷോർ, ഷെർദാൻ ഷകീരി, ആംഡുനി എന്നിവരും വല കുലുക്കി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോയും ഇംഗ്ലണ്ടിനായി ബുകായോ സാകയുമാണ് നിർണായക ഗോളുകൾ നേടിയത്. മത്സരം അധികസമയത്തേക്ക് നീണ്ടിട്ടും ഗോളടിക്കാൻ ഇരുനിരക്കും കഴിയാതിരുന്നതോടെ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ പന്ത് ഇരു ഹാഫിലും കയറിയിറങ്ങിയെങ്കിലും ഗോൾവലക്ക് നേരെ ഒരൊറ്റ ഷോട്ട് പോലും എത്തിയില്ല.

നേരത്തെ 75 ആം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിറ്റ്സർലൻഡ് ആണ് ആദ്യം ലീഡ് നേടിയത്. വലതുവിങ്ങിൽനിന്ന് എൻഡോയെ നൽകിയ മനോഹര ക്രോസ് ഇംഗ്ലീഷ് പ്രതിരോധ താരം ജോൺ സ്റ്റോൺസിന്റെ കാലിൽ തട്ടി വഴിമാറിയപ്പോൾ പോസ്റ്റിനരികെ കാത്തിരുന്ന ബ്രീൽ എംബോളോ​ക്ക് ഒന്ന് തൊട്ടുകൊടുക്കേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തി. ലൂക് ഷോ, എസെ, കോൾ പാൽമർ എന്നിവർ കളത്തിലെത്തി. വൈകാതെ മറുപടി ഗോളുമെത്തി. 80 ആം മിനിറ്റിൽ ഡെക്ലാൻ റൈസ് നൽകിയ പന്ത് കാലിലൊതുക്കി ബോക്സിന് തൊട്ടുമുമ്പിൽനിന്ന് ബുകായോ സാക തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുമ്പോൾ സ്വിസ് ഗോൾകീപ്പർ സോമർക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരനിരയും ആഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സ്വിറ്റ്സർലൻഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ഇംഗ്ലീഷ് ബോക്സിൽ പറന്നിറങ്ങിയ പന്ത് കണക്ട് ചെയ്യാൻ താരങ്ങൾക്കായില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.അധികസമയത്തിന്റെ ആദ്യപകുതിയിൽ ബെല്ലിങ്ഹാം ഗോളിനടുത്തെത്തിയെങ്കിലും ഇടങ്കാലൻ ഷോട്ട് സോമർ കൈയിലൊതുക്കി. രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് എതാനും അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും മുതലാക്കാനായില്ല. അധികസമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ സ്വിറ്റ്സർലൻഡിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ഷക്കീരി എടുത്ത തകർപ്പൻ കിക്ക് നേരെ ക്രോസ് ബാറിലിടിച്ചാണ് പുറത്തേക്ക് തെറിച്ചത്. തൊട്ടുപിന്നാലെ സ്വിറ്റ്സർലൻഡിന് ലഭിച്ച അവസരം പി​ക്ക്​ഫോർഡിന്റെ മെയ്‍വഴക്കത്തിന് മുന്നിൽ നിഷ്പ്രഭമായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

More Stories from this section

family-dental
witywide