നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകനും നിര്‍മാതാവുമായി ബോളിവുഡില്‍ നിറഞ്ഞ ഇതിഹാസ താരമായിരുന്നു രാജ് കപൂര്‍. അദ്ദേഹത്തിന്റെ നൂറാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ മുംബൈയില്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ചലച്ചിത്രമേളയ്ക്കായി വെള്ളിയാഴ്ച വൈകുന്നേരം ഒത്തുകൂടി. കപൂര്‍ കുടുംബം ഒരുമിച്ച് ഒരു ഐക്കണിക് ചിത്രത്തിന് പോസ് ചെയ്തത് ഇതിനോടകം വൈറലായിട്ടുണ്ട്.
രാജ് കപൂറിന്റെ മകന്‍ രണ്‍ധീര്‍ കപൂര്‍, മകള്‍ റിമ ജെയിന്‍, മരുമക്കള്‍ ബബിത, നീതു കപൂര്‍, കൊച്ചുമകന്‍ രണ്‍ബീര്‍ കപൂര്‍, ചെറുമകളായ കരീന കപൂര്‍, കരിഷ്മ കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി എന്നിവര്‍ വരെ ഇതിഹാസതാരത്തിന്റെ ശതാബ്ദി ആഘോഷിക്കാന്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് എത്തി. ഇവരുടെയെല്ലാം സാന്നിധ്യം രാജ് കപൂറിന്റെ അസാധാരണമായ പാരമ്പര്യം സംരക്ഷിക്കുന്നതിലും ആഘോഷിക്കുന്നതിലും കുടുംബത്തിന്റെ കൂട്ടായ്മയെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.
ഐവറി നിറത്തില്‍ തിളങ്ങുന്ന സാരിയില്‍ ആലിയ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. കുടുംബത്തോടൊപ്പം ഒരുമിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ശേഷം, പാപ്പരാസികള്‍ക്കൊപ്പം ഒരു സെല്‍ഫി ക്ലിക്കുചെയ്യാനും ആലിയ തയ്യാറായിരുന്നു. അതിഥികളുമായി സംസാരിച്ച് കരീനയും സെയ്ഫും കരിഷ്മയും ചടങ്ങുകള്‍ ആസ്വദിക്കുന്നതും പുറത്തുവന്ന വീഡിയോകളിലുണ്ട്. മഹേഷ് ഭട്ട്, ഫര്‍ഹാന്‍ അക്തര്‍, സഞ്ജയ് ലീല ബന്‍ഷാലി, ബോണി കപൂര്‍, റാഷിക ദുഗ്ഗല്‍, സോണി റസ്ദാന്‍, ഷാഹിന്‍ ഭട്ട്, വിക്കി കൗശല്‍, രേഖ, പദ്മിനി കോലാപുരെ തുടങ്ങിയ പ്രമുഖരും താരനിബിഡമായ ചടങ്ങില്‍ പങ്കെടുത്തു.
രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സിനിമാ പാരമ്പര്യം ആഘോഷിക്കുന്നതിനായി PVR INOX ലിമിറ്റഡും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ചേര്‍ന്നാണ് RK ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആഗ്, ബര്‍സാത്ത്, ആവാര, ശ്രീ 420, ജഗ്‌തേ രഹോ, ജിസ് ദേശ് മേ ഗംഗാ ബെഹ്തി ഹേ, സംഗം, മേരാ നാം ജോക്കര്‍, ബോബി, രാം തേരി ഗംഗാ മൈലി എന്നിവയുള്‍പ്പെടെയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 40 നഗരങ്ങളിലെ തിരഞ്ഞെടുത്ത PVR INOX തിയേറ്ററുകളില്‍ ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
17ാം വയസിലാണ് രാജ് കപൂര്‍ സിനിമയിലേക്ക് വരാന്‍ തീരുമാനിക്കുന്നത്. പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് വരാന്‍ അദ്ദേഹം അച്ഛനോട് അനുവാദം തേടി. മാസം 10 രൂപ സ്‌റ്റൈപെന്റില്‍ ജോലി ചെയ്യുന്ന നിരവധി സഹായികളില്‍ ഒരാളായി പ്രവര്‍ത്തിക്കാമെങ്കില്‍ സിനിമയിലേക്ക് വരാം എന്നായി അച്ഛന്‍. അതിനു സമ്മതം മൂളിയതോടെയാണ് രാജ് കപൂര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ സഹോദരങ്ങളായ ശശി കപൂറും ഷമ്മി കപൂറും സിനിമയിലേക്ക് എത്തി. കുറച്ചു സിനിമകളില്‍ നടനായി വേഷമിട്ടതിനു ശേഷമാണ് സംവിധാനത്തിലേക്കും നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നത്. അഞ്ച് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന കരിയറില്‍ പത്ത് സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. ഒരേ ടീമിനൊപ്പമാണ് അദ്ദേഹം സിനിമകളെല്ലാം ചെയ്തത് എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു.