
തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസില്‍പ്പെട്ട നടന്‍ മുകേഷ്, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഇടതുപക്ഷത്ത് തർക്കം മുറുകുന്നു. പീഡനക്കേസുകളില്‍ പ്രതികളായ കോണ്‍ഗ്രസുകാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും സമാന കേസുകളില്‍ പ്രതികളായവര്‍ രാജിവെച്ചാല്‍ മാത്രം മുകേഷും പദവി ഒഴിഞ്ഞാൽ മതിയെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടപ്പോൾ ഇടതുപക്ഷം അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് സിപിഐ നേതാവ് ആനി രാജ പറഞ്ഞത്. കോൺഗ്രസ് നേതാക്കൾ രാജിവെക്കാത്ത സാഹചര്യത്തിൽ മുകേഷും രാജി വെക്കേണ്ട എന്ന് ഇപി പറഞ്ഞപ്പോൾ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആനി രാജ ശക്തമായി ആവശ്യപ്പെട്ടു.
ഇപി ജയരാജന്റെ വാക്കുകൾ
ബലാത്സംഗ കേസില്‍ പ്രതികളായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും രാജിവെച്ചാല്‍ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ രാജിയാവശ്യം ഇപി ജയരാജന്‍ തള്ളിയത്. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പോലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ലെന്നും ഇ പി പറഞ്ഞു.
ആനി രാജയുടെ വാക്കുകൾ
ലൈംഗിക ആരോപണക്കേസില്‍പ്പെട്ട നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ എന്ന നിലയില്‍ ഇത്തരം ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടക്കത്തില്‍ പരാതി കൊടുത്താല്‍ പരിശോധിക്കാം എന്ന നിലപാടില്‍ നിന്ന് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്. മുകേഷിന് എതിരെയുള്ള ആരോപണങ്ങള്‍ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്. ഇതിന് ആര്‍ജവമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും ആനി രാജ പറഞ്ഞു.