‘ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധം’, തെളിവുണ്ടെന്നും വിഡി സതീശന്‍; നിഷേധിച്ച് ഇപിയും രാജീവും

തിരുവനന്തപുരം: സി പി എം മുതിർന്ന നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാജനും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇരുവരും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും അതിനുള്ള തെളിവുകൾ തന്‍റെ കയ്യിലുണ്ടെന്നുണാണ് സതീശൻ പറഞ്ഞത്. ആരോപണം നിഷേധിച്ചുകൊണ്ട് ഇ പി ജയരാജൻ കേസ് കൊടുത്താൽ തെളിവുകൾ പുറത്തുവിടാമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

വൈദേഹത്തിലെ ഇ ഡി അന്വേഷണം ഒഴിവാക്കാനാണ് രാജീവ്‌ ചന്ദ്രശേഖറുമായി ഇ പി കൂട്ട് കൂടിയത്. നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും തന്‍റെ കൈവശമുണ്ട്. നേരത്തേ ഇ പിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ അന്തര്‍ധാരയായിരുന്നുവെങ്കിൽ ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണെന്നും സതീശൻ പറഞ്ഞു. ഇ പി വഴിവിട്ട് സ്വത്തു നേടി എന്ന ആക്ഷേപം തനിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും ആരോപിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. രാജീവ്‌ ചന്ദ്രശേഖറിനെ ഇതുവരെയും നേരിൽ കണ്ടിട്ടില്ലെന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ പി പറഞ്ഞു. തനിക്ക് രാജീവുമായി ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണെന്നും ഇ പി വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ ഇ പി, നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും കൂട്ടിച്ചേർത്തു.

ഇ പി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നുവെന്നുമാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ep jayarajan and rajeev chandrasekhar denies business deal alligations of vd satheesan

More Stories from this section

family-dental
witywide