പച്ചക്കള്ളം, ബിജെപിയിൽ ചേരാനായി ഒരു ചർച്ചയും നടത്തിയിട്ടില്ല, ശോഭയുടെ ആരോപണത്തിൽ പ്രതികരിച്ച് ഇപി; ഒപ്പം മകനും

കണ്ണൂർ: ബി ജെ പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ശോഭ സുരന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ഇ പി ജയരാജനും മകൻ ജിജിന്ത് രാജും രംഗത്ത്. മകന്റെ ഫോണിലൂടെ ശോഭ സുരേന്ദ്രനെ ബന്ധുപ്പെട്ടുവെന്ന ആരോപണം ഇ പി ജയരാജൻ നിഷേധിച്ചു. ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണെന്നും ബി ജെ പിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞ ഇ പി, ശോഭയെ വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇ പി ജയരാജന് ബി ജെ പിയിൽ ചേരാനായി ബന്ധപ്പെട്ടത് തന്‍റെ ഫോണിലൂടെയാണെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ പിയുടെ മകൻ ജിജിന്ത് രാജും രംഗത്തെത്തി. എറണാകുളത്തെ ഒരു വിവാഹ വീട്ടിൽ വച്ച് ശോഭ സുരേന്ദ്രൻ തന്നെ പരിചയപ്പെട്ടിരുന്നു,​ ഫോൺ നമ്പർ ചോദിച്ച് വാങ്ങിയത് ശോഭയാണ്. തന്നെ ഒന്നുരണ്ടു തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. വിവാദങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ജിജിന്ത് രാജ് പറഞ്ഞു.

അതേസമയം പിണറായിയോളം തലപ്പൊക്കമുള്ള സി പി എം നേതാവ് ബി ജെ പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായാണ് ശോഭ സുരേന്ദ്രൻ വൈകിട്ട് രംഗത്തെത്തിയത്. ബിജെപിയിൽ ചേരാനിരുന്നത് ആ സി പി എം നേതാവ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണെന്നാണ് ശോഭയുടെ വെളിപ്പെടുത്തൽ. ഇ പി, ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായും അവസാന നിമിഷം പിന്മാറിയെന്നും അവർ പറഞ്ഞു. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇ പി തീരുമാനം മാറ്റിയതെന്നും ശോഭ പറഞ്ഞു. ഇ പിയുടെ മകൻ തനിക്ക് വാട്സാപ്പ് മെസേജ് അയച്ചതായും ആ തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide