
കണ്ണൂര്‍: എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കിയ ശേഷം സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ആദ്യമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ വി സുമേഷ് എം എല്‍ എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇ പി ജയരാജനെ പാര്‍ട്ടി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന് പിന്നാലെ നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം മൗനത്തിലായിരുന്നു.
പിന്നീട് ഇ പി ജയരാജന് നിശ്ചയിച്ച ആദ്യ പാര്‍ട്ടി പരിപാടി പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന്‍ ദിനാചരണമായിരുന്നു. ചികിത്സയിലെന്ന വിശദീകരണം നല്‍കി ഇ പി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും എം എം ലോറന്‍സിന്റെ നിര്യാണത്തെ തുടര്‍ന്ന് കൊച്ചിയിലും ഇ പി എത്തിയിരുന്നു.