തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ കോളിളക്കമുണ്ടാക്കിയ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ‘ആത്മകഥ’ വിവാദത്തിലെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാൽ വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ച് ഡി ജി പി. ഇ പിയുടെ ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്നാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെങ്കിലും വ്യക്തത കുറവുള്ളതിനാലാണ് ഡി ജി പി നിർണായക നടപടി സ്വീകരിച്ചത്. എങ്ങനെയാണ് റിപ്പോർട്ട് ചോർന്നതെന്നും എന്തിനാണ് ചോർത്തിയെന്നും വ്യക്തമായി പരാമർശിക്കാൻ അന്വേഷണ റിപ്പോർട്ടിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് വീണ്ടും അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഡി ജി പി നിർദ്ദേശിച്ചത്. കോട്ടയം എസ് പിക്കാണ് ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയത്.
ഇ പി ജയരാജന്‍റെ മൊഴിയിലും ഡി സി ബുക്സ് ഉടമ രവി ഡി സിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്നും ഡി ജി പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോട്ടയം എസ് പിക്ക് ഡി ജി പി നിർദേശം നൽകിയിരിക്കുന്നത്.