
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപിയിലേക്ക് പോകാന്‍ ജയരാജന്‍, ദല്ലാള്‍ നന്ദകുമാര്‍ മുഖേന ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് പരാതി. വ്യാജ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാണ് പ്രധാനമായും ഇപിയുടെ പരാതിയില്‍ പറയുന്നത്.
കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. മുമ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല, ഗൂഢാലോചന ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രന്‍, കെ. സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.പി ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ കഴമ്പില്ലെന്ന് പൊലീസ് മറുപടി നല്‍കിയിരുന്നു.