തിരുവനന്തപുരം: കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ രംഗത്ത്. എൽ ഡി എഫ് കൺവീനർ സ്ഥാനം തെറിക്കുമെന്നതടക്കമുള്ള റിപ്പോർട്ടുകൾക്കിടെ ശക്തമായി പ്രതികരിച്ചാണ് ഇ പി രംഗത്തെത്തിയത്. താൻ ബി ജെ പിയിലേക്ക് പോകുമെന്ന നിലയിലുള്ള വിവാദം ആസൂത്രിതമായ ഗൂഢാലോചനയാണെന്നാണ് ഇ പി പറയുന്നത്.
തിരഞ്ഞെടുപ്പ് തലേന്ന് ഒരു രാഷ്ട്രീയ ബോംബ് പൊട്ടിക്കാന്‍ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തി. തന്നെയാണ് പ്രധാനമായും ലക്ഷ്യം വച്ചതെങ്കിലും അതിലൂടെ മുഖ്യമന്ത്രിയെയും കുടി അവർ ലക്ഷ്യം വച്ചിരുന്നു. ഈ ഗൂഢാലോചനയിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. ജാവദേക്കർ വീട്ടിൽ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5 നാണ്. കൊച്ചു മകന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു അത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. രാഷ്ട്രീയം സംസാരിച്ചിട്ടേയില്ല. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്ന ശീലം തനിക്കില്ലെന്നും ഇ പി വിവരിച്ചു. കേന്ദ്രമന്ത്രി ആയിരുന്ന ആള്‍ വീട്ടിലേക്ക് വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയണോയെന്നും ഇ പി ചോദിച്ചു.
സുധാകരന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ താന്‍ പോകുന്നെന്ന് പറഞ്ഞുണ്ടാക്കി. മാധ്യമങ്ങള്‍ എന്നെ ബലിയാടാക്കുകയാണ്. ഈ വാര്‍ത്തകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് എല്ലാവര്‍ക്കുമുള്ള സന്ദേശമെന്നും ഇ പി കൂട്ടിച്ചേർത്തു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറില്ലെന്നും അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.