വിവാദങ്ങൾക്കിടെ ഇപി പാലക്കാട്‌, സരിന് മതിയാവോളം പ്രശംസ! ‘ഉത്തമനായ ചെറുപ്പക്കാരന്‍, പാലക്കാടിന്റെ മഹാഭാഗ്യം’

പാലക്കാട്: ആത്മകഥ വിവാദത്തിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിനെ പുകഴ്ത്തികൊണ്ടാണ് ഇ പി പാലക്കാട്‌ സംസാരിച്ചത്. ജനസേവനത്തിനായി ഉന്നത ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്‍. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥിയാണ്. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വം. പാലക്കാടിന്റെ വികസന മുരടിപ്പ് മാറ്റാന്‍ സരിനു കഴിയുമെന്നും ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഠിക്കുന്ന കാലത്തേ സരിന്‍ മിടുക്കനായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച സരിന്‍ കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. എംബിബിഎസിന് നേടിയശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. അതിന്റെ വഴികളിലൂടെ സഞ്ചരിച്ചു. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്ത് അഞ്ചാറു വര്‍ഷക്കാലം ഉയര്‍ന്നശമ്പളം വാങ്ങി ജീവിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ജനങ്ങള്‍ക്ക് ഒപ്പമായിരുന്നു.

പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്. സരിന്‍ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമല്ല. എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമായിരുന്നു. സരിന്‍ വിശ്വസിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്നു. ഗാന്ധിജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും നിഷ്പ്രഭമാക്കി വ്യക്തി താത്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. കോണ്‍ഗ്രസില്‍ നിന്നും സത്യസന്ധതയും നീതിയും ലഭിക്കില്ലെന്ന് ബോധ്യമായി. അങ്ങനെയാണ് അദ്ദേഹം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തോട് വിയോജിച്ചത്. ആ വിയോജിപ്പില്‍ നിന്നാണ് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തേക്ക് കടന്നു വരുന്നതെന്നും ഇപി ചൂണ്ടികാട്ടി.

നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി ആശ്വാസമേകാന്‍ സരിനാകും. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണ്. നല്ല സ്വതന്ത്ര സ്ഥാനാർഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല.ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത്. ഇപി ജയരാജൻ പറഞ്ഞു.

More Stories from this section

family-dental
witywide