‘അയ്യേ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ?’; ശോഭ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, കണ്ടിട്ടുമില്ലെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍.

‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികള്‍ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബിജെപിയില്‍ ചേരുമോ, കേരളത്തില്‍? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങള്‍…’ ഇ.പി. പ്രതികരിച്ചു.

‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസൂത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം,’ ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു.

More Stories from this section

family-dental
witywide