തിരുവനന്തപുരം: ‘ആത്മകഥ’ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ഡി ജി പിക്ക് പരാതി നൽകിയതിന് പിന്നാലെ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ പുതിയ നീക്കം. ‘ആത്മകഥ’ വിവാദത്തിൽ ഡി സി ബുക്‌സ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇ പി. ജയരാജൻ വക്കീൽ നോട്ടീസയച്ചു. താൻ അറിയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും, ഡി സി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസിലൂടെ ഇ പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ നിയമനടപടിക്ക് പോകുമെന്നും ഇ പി. ജയരാജൻ അറിയിച്ചു.
നേരത്തെ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ‘ആത്മകഥ’ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ഇ പി ജയരാജൻ പ്രതികരിച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും പുസ്തകത്തിന്‍റെ തലക്കെട്ട് പോലും തന്‍റേതല്ലെന്നും ഇ പി പറഞ്ഞു. ആരാണ് ഈ തലക്കെട്ട് നൽകിയതെന്ന് ചോദിച്ച ഇ പി, തെരഞ്ഞെടുപ്പ് ദിവസത്തെ വിവാദത്തിന് പിന്നിൽ ആസുത്രിത ഗൂഢാലോചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇ പി.
‘എൻ്റെ ആത്മകഥ പൂർത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ ചുമതല ഞാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നൽകിയിട്ടില്ല. പി ഡി എഫ് ഫോർമാറ്റ് പുറത്തുവിട്ട ഡി സി ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും. കട്ടൻ ചായയും പരിപ്പുവടയും എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ’ – എന്നായിരുന്നു ഇ പി ജയരാജൻ വിവാദത്തിന് പിന്നാലെ പ്രതികരിച്ചത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമാണ് നിലവിൽ പ്രചരിപ്പിക്കുന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ആത്മകഥയിലുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിലുണ്ട്. കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ട്. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. പൊതുസ്ഥലത്ത് നിന്നാണ് കണ്ടതെന്നും ഇ.പി. ജയരാജൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിൽ ഉള്ളത്.