തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു. ഇ.പിയ്‌ക്ക് ബിജെപിയുമായുള്ള ബന്ധം, പ്രകാശ് ജാവേദക്കറുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നിർണായക നീക്കം. സിപിഎം സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ജയരാജൻ ഇന്ന് പുലർച്ചെ കണ്ണൂരിലേക്ക് തിരിച്ചു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇ പിയും പാർട്ടിയും തമ്മിലുള്ള ചേരിതിരിവ് പ്രകടമായിരുന്നു. പലപ്പോഴും പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ ഇ.പി ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ട്. ഇതിനിടെ ബിജെപി ബന്ധത്തിൽ ഇ.പിക്കെതിരെ പിടിമുറുക്കാനുള്ള നീക്കം സിപിഎമ്മിൽ നടക്കുന്നുണ്ടായിരുന്നു. ഇന്ന് ഇ.പിക്കെതിരെ നടപടിയുണ്ടായേക്കാം എന്ന സാഹചര്യത്തിലാണ് അദ്ദേഹം സ്വയം ഒഴിയാമെന്ന് പാർട്ടിയെ അറിയിച്ചത്.
സംസ്ഥാന സമിതിയൽ പങ്കെടുക്കാൻ കാത്തു നിൽക്കാതെയാണ് ഇ.പി കണ്ണൂരേക്ക് തിരിച്ചത്. കണ്ണൂരിൽ ചില പരിപാടികൾ ഉള്ളതിനാൽ തിരുവനന്തപുരത്തു നിന്ന് തിരിക്കുന്നു എന്നാണ് പറഞ്ഞതെങ്കിലും, കണ്ണൂരിൽ നേരത്തേ പ്രഖ്യാപിച്ച പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ഇ.പി. ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും.