പാലക്കാട്: ഇ പി ജയരാജന്‍റെ ‘ആത്മകഥ’ വിവാദത്തിന് തടയിടാൻ സി പി എമ്മിന്‍റെ അതിവേഗ നീക്കം. ആത്മകഥയിൽ പാലക്കാട്ടെ സ്ഥാനാർഥി സരിനെതിരെ പരാമർശങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ഇപി ജയരാജനെ തന്നെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കാനാണ് സി പി എം തീരുമാനം. ഇത് പ്രകാരം നാളെ ഇ പി ജയരാജൻ പാലക്കാടെത്തി സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തുമെന്നാണ് അറിയിപ്പ്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിലാകും ഇപി എത്തുക. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് വിവാദത്തിന് തടയിടാനാകുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്.
അതിനിടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇ പി ജയരാജൻ ഡി ജി പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും പുസ്തകത്തിന്‍റെ തലക്കെട്ട് പോലും തന്‍റേതല്ലെന്നും ഇ പി പറഞ്ഞു. ആരാണ് ഈ തലക്കെട്ട് നൽകിയതെന്ന് ചോദിച്ച ഇ പി, തെരഞ്ഞെടുപ്പ് ദിവസത്തെ വിവാദത്തിന് പിന്നിൽ ആസുത്രിത ഗൂഢാലോചയുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇ പി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ പി നൽകിയ പരാതിയിൽ പറയുന്നു. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയു എന്നും ഇ പി പ്രതികരിച്ചിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല.