ന്യൂഡല്‍ഹി : ലഘുഭക്ഷണ ബ്രാന്‍ഡായ എപ്പിഗാമിയ സഹസ്ഥാപകനായ റോഹന്‍ മിര്‍ചന്ദാനി (41) ഹൃദയാഘാതം മൂലം മരിച്ചു. എപ്പിഗാമിയ യോഗര്‍ട്ട് ബ്രാന്‍ഡിന്റെ സ്ഥാപകരിലൊരാളായിരുന്നു റോഹന്‍. 1982-ല്‍ അമേരിക്കയിലാണ് റോഹന്‍ മിര്‍ചന്ദാനി ജനിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗവും യു.എസിലാണ് ചിലവഴിച്ചതെങ്കിലും ഇന്ത്യയായി അഗാധമായ ബന്ധം പുലര്‍ത്തിയിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളിലുമായിരുന്നു ബിരുദപഠനം.
2013-ല്‍ ഡ്രംസ് ഫുഡ് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനായി രോഹന്‍ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹന്‍ മിര്‍ചന്ദാനി, ഗണേഷ് കൃഷ്ണമൂര്‍ത്തി, രാഹുല്‍ ജെയിന്‍, ഉദയ് താക്കര്‍ എന്നിവര്‍ ചേര്‍ന്ന് 15 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേര്‍ട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം. കമ്പനി ആദ്യം ഹോക്കി പോക്കി ഐസ്‌ക്രീം പുറത്തിറക്കിയെങ്കിലും പിന്നീട് പുതിയ ദിശയിലേക്ക് പോകാന്‍ തീരുമാനിച്ചു.
ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) ബ്രാന്‍ഡുകളുടെ സാധ്യതകളെക്കുറിച്ച് ഒരു പ്രസംഗത്തില്‍ നിന്നും മനസിലാക്കിയതിനെത്തുടര്‍ന്നാണ് പുതിയ മാറ്റത്തിന് മുതിര്‍ന്നത്. 2015-ലാണ് രോഹനും സംഘവും ചേര്‍ന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഗ്രീക്ക് യോഗർട്ട് പരിചയപ്പെടുത്തി. ഇന്ത്യന്‍ വിപണിയില്‍ ഇത് വലിയ മാറ്റമുണ്ടാക്കി. പരമ്പരാഗത തൈരിനെ അപേക്ഷിച്ച് തനതായ രുചികള്‍, മികച്ച ഗുണനിലവാരം തുടങ്ങിയവ ഈ ബ്രാന്‍ഡിനെ ജനപ്രിയമാക്കി.
ബെല്‍ജിയന്‍ നിക്ഷേപകരായ വെര്‍ലിന്‍വെസ്റ്റ്, എപ്പിഗാമിയയിലെ ഏറ്റവും വലിയ ബാഹ്യ ഓഹരി ഉടമകളില്‍ ഒന്നാണ്. ഫ്രഞ്ച് ഡയറി കമ്പനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്പനിയില്‍ നിക്ഷേപകരാണ്. 2019-ലായിരുന്നു ദീപിക ഡ്രംസ് ഫുഡ് ഇന്റര്‍നാഷണലില്‍ നിക്ഷേപം നടത്തിയത്.
Epigamia Founder Rohan Mirchandani Dies of Cardiac Arrest