കോട്ടയം ക്നാനായ രൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിൻ്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിൻ്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങൾ പ്രൌഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ മെത്രപ്പൊലീത്തൻ കത്തീഡ്രലിലായിരുന്നു പരിപാടി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. രൂപതയിലെ വൈദികരും വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ മെത്രാന്മാരും ബിഷപ് ഹൌസിൽ ഒത്തു ചേർന്ന് കുർബാന അർപ്പിക്കാനായി തിരുവസ്ത്രങ്ങൾ അണിഞ്ഞു. പിന്നീട് ഇവർ ബിഷപ് ഹൌസ് അങ്കണത്തിൽ നിന്ന് പ്രദക്ഷിണമായി കത്തീഡ്രലിൽ എത്തി. കത്തീഡ്രലിൻ്റെ ഹൈക്കല നിറഞ്ഞ് വൈദികരും സന്യസ്തരുമായിരുന്നു. എത്തിച്ചേർന്ന എല്ലാവർക്കും കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി സ്വാഗതം പറഞ്ഞു. വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ അയച്ച ആശംസ സന്തേശം ലത്തീനിലും തുടർന്ന് മലയാളത്തിൽ വിവർത്തനം ചെയ്തും രൂപതാ ചാൻസലർ ഫാ. ജോൺ ചേനാക്കുഴി വായിച്ചു. തുടർന്ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത ജൂബിലി തിരിതെളിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിച്ചു. ബലി അർപ്പണത്തിനിടെ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകി. മെത്രാപ്പൊലീത്തമാരും മെത്രാന്മാരും സന്യാസ സഭാ സുപ്പീരിയർമാരും വൈദികരും സഹകാർമികരായി പങ്കെടുത്തു.

തുടർന്ന് വിജയപുരം രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, ചങ്ങാനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം,സിബിസിഐ അധ്യക്ഷനും തൃശൂർ മെത്രാനുമായ മാർ ആൻഡ്രൂസ് താഴത്ത്, കോഴിക്കോട് മെത്രാൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ, ക്നാനായ യാക്കോബായ അതിരൂപത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് ഗീവർഗീസ് മാർ അപ്രേം എന്നിവർ ആശംസകൾ അർപ്പിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ , ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തോമസ് മാർ കുറീലോസ്, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസ് കല്ലുവേലിൽ, ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ എഫ്രേം നരികുളം, മാർ ജയിംസ് അത്തിക്കളം, മാർ ജോസഫ് പുളിക്കൻ, മാർ കുര്യൻ വയലുങ്കൽ, മാർ തോമസ് പാടിയത്ത്, ഡോ. സാമുവൽ മാർ ഐറേനിയോസ്, മാർ മാത്യു അറയ്ക്കൽ,ആബട്ട് ജൂസേപ്പേ കസേത്താ, ഡോ. ജയിംസ് തോപ്പിൽ, ഡോ. ജോസഫ് മാർ തോമസ്, എംപിമാരായ ജോസ്.കെ.മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൺസ് ജോസഫ്, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, മുൻ എംപി ഫ്രാൻസിസ് ജോർജ് എന്നിവരും പങ്കെടുത്തു.

കോട്ടയം രൂപതയിലെ സന്യസ്തരും സമർപ്പിതരും അൽമായരും പ്രവാസികളായ വിശ്വാസികളും പിതാവിന് ആശംസ അർപ്പിക്കാനായി എത്തിയിരുന്നു.

മെത്രാഭിഷേക ജൂബിലിയോട് അനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പാക്കുന്ന വിവിധ ഉപവി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.

1999 ജനുവരി 6ാം തീയതി റോമിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് മാർ മാത്യു മൂലക്കാട്ടിനെ മെത്രാനായി അഭിഷേകം ചെയ്തത്. ആദ്യം അദ്ദേഹം കോട്ടയം രൂപതയുടെ സഹായ മെത്രാനായിരുന്നു. പിന്നീട് 2006 ജനുവരി 14ന് കോട്ടയം രൂപത ആർച്ച് ബിഷപ്പായി.

Episcopal Silver Jubilee of Mar Mathew Moolakkatt