അമേരിക്കൻ പ്രഥമ വനിത ആയിരുന്ന കാലത്തടക്കം മെലാനിയ ട്രംപിനെ അധികം പൊതുവേധികളിൽ കണ്ടിട്ടില്ല. ഇപ്പോൾ ട്രംപ് വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകാൻ പരിശ്രമിക്കുമ്പോൾ മെലാനിയ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്. ഭർത്താവ് പെൻസിൽവാനിയ റാലിയിൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം മെലാനിയ ട്രംപിനെ പൊതുവേദികളിൽ കണ്ടിട്ടില്ല . ട്രംപ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ പങ്കെടുത്ത റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പോലും മെലാനിയയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
മുൻ പ്രഥമ വനിതയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ, റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ അവസാനിക്കുന്നതിന് മുമ്പ് മെലാനിയ എത്തുമെന്നാണ് മറുപടി ഉണ്ടായത്. ഇപ്പോഴിതാ ട്രംപിൻ്റെ മകൻ എറിക് ട്രംപ് തന്നെ മെലാനിയ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ 18 വ്യാഴാഴ്ച നടക്കുന്ന കൺവെൻഷനിൽ മെലാനിയയും സഹോദരി ഇവാങ്ക ട്രംപും പങ്കെടുക്കുമെന്നാണ് എറിക് ട്രംപ് പറയുന്നത്.
.മെലാനിയയും ഇവാങ്കയും കൺവെൻഷനിൽ പൂർണ്ണമായും പങ്കെടുക്കുമെന്ന് എറിക് പറഞ്ഞു. മുഴുവൻ കുടുംബവും ഒത്തൊരുമയുള്ളവരാണെന്നും ട്രംപിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.