കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 72.69 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തൊട്ടടുത്ത് തന്നെയുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് നിര്‍മാണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അവിടെയുള്ള പ്രസിദ്ധമായ മാര്‍ക്കറ്റുകള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ട്. ആ പട്ടികയിലേക്കാണ് എറണാകുളം മാര്‍ക്കറ്റും ഉള്‍പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെത്തുന്ന യാത്രക്കാര്‍ മാര്‍ക്കറ്റ് കൂടി കാണാമെന്ന ചിന്തയിലേക്ക് എത്തിച്ചേരും. എല്ലാ രീതിയിലും സുസജ്ജമായ മാര്‍ക്കറ്റ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാണിജ്യ രംഗത്ത് ഒരു പുതിയ ചുവടുവെപ്പാണിത്.
2022 ലാണ് മാര്‍ക്കറ്റിന്റെ നിര്‍മാണം ആരംഭിച്ചത്. 1.63 ഏക്കറില്‍ 19,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് മാര്‍ക്കറ്റ്. 275 കടമുറികള്‍, അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനം, പാര്‍ക്കിങ് സൗകര്യം എന്നിവയും ഈ സ്മാര്‍ട്ട് മാര്‍ക്കറ്റിലുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവുമുണ്ട്. 82 ശുചിമുറികള്‍ ഉള്‍പ്പെടെ ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് മാര്‍ക്കറ്റ് കെട്ടിടത്തില്‍ തയാറാക്കിയിട്ടുള്ളത്.