ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള ഷിരൂരില്‍ തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. വെള്ളത്തില്‍ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മല്‍പെയും സംഘവും മടങ്ങിയത്.
ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മല്‍പെ അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ചത്.
പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പ്രതികരിച്ചു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രഡ്ജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.