ഗംഗാവലിയിൽനിന്ന് അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി; തിരച്ചിൽ ബുധനാഴ്ച രാവിലെ പുനരാരംഭിക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. പ്രാദേശിക മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയാണു ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്തിയത്. അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത്. അധികം പഴയതല്ലാത്ത ജാക്കി തന്റെ ഭാരത് ബെൻസ് ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്റെ ഭാഗവും മൽപെ കണ്ടെത്തി. ഇത് അർജുനൊപ്പം പുഴയിൽ വീണെന്ന് കരുതുന്ന ടാങ്കർ ലോറിയുടെതാണെന്നാണു സൂചന.

ബുധനാഴ്ച രാവിലെ എട്ടുമണിക്ക് 4 സഹായികൾക്കൊപ്പം വീണ്ടും തിരച്ചിൽ തുടരുമെന്ന് മൽപെ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ട്. അതുകൊണ്ട് തിരച്ചിൽ എളുപ്പമാകും. അർജുനെയും ലോറിയെയും കാണാതായ മറ്റു രണ്ടുപേരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും മൽപെ പറഞ്ഞു. തിരച്ചിലിൽ നാവികസേനയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മഞ്ചേശ്വരം എംഎൽഎ പറഞ്ഞു.

More Stories from this section

family-dental
witywide