ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്നുവെന്നും അവരെ അതിൽ നിന്ന സംരക്ഷിക്കാൻ വേണ്ടതൊന്നും സിലിക്കൺ വാലി ഭീമനായ മെറ്റ ചെയ്യുന്നില്ലെന്നുമുള്ള ആരോപണങ്ങളെ കുറിച്ച് യൂറോപ്യൻ യൂണിയൻ അന്വേഷണം നടത്തും. ഓൺലൈൻ ഫീഡുകളിലേക്കും വിഷയങ്ങളിലേക്കും ഉപയോക്താക്കളെ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് ആകർഷിക്കുന്ന “റാബിറ്റ് ഹോൾ ഇഫക്റ്റ് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾ ശക്തിപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ്റെ എക്സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യൻ കമ്മിഷൻ പറഞ്ഞു.
കുട്ടികൾക്ക് അനുചിതമായ ഉള്ളടക്കം ലഭിക്കുന്നത് തടയുന്നതിനുള്ള ഏജ് വെരിഫിക്കേഷൻ ടൂൾസ് മെറ്റാ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ, ഇക്കാര്യത്തിൽ നിലനിൽക്കുന്ന നിയമം അനുസരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ സേവന നിയമ (DSA),പ്രകാരം മെറ്റാ കമ്പനിക്കെതിരെയുള്ള രണ്ടാമത്തെ അന്വേഷണമാണിത്. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം കൂടി ഡിജിറ്റൽ സേവന നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നിയമ പ്രകാരം മിസ്ഇൻഫർമേഷനും പ്രൊപ്പഗാൻഡകളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് വെളിപ്പെടുത്താനും വിശദീകരിക്കാനും ബാധ്യതയുണ്ട്. 45 ദശലക്ഷത്തിലധികം ഉപയോക്താളുള്ള എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും ഈ ബാധ്യത നിലനിൽക്കുന്നു.
ഏതെങ്കിലും കമ്പനി നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ കമ്പനിയുടെ ആഗോള വാർഷിക വിറ്റുവരവിൻ്റെ 6 ശതമാനം വരെ യൂറോപ്യൻ യൂണിയന് പിഴ ചുമത്താം. കുറ്റം ആവർത്തിച്ചാൽ , അങ്ങേയറ്റത്തെ നടപടിയെന്ന നിലയിൽ വിപണിയിൽ നിരോധനം നേരിടേണ്ടിവരും. മെറ്റ പുതിയ ഡിഎസ്എ നിയമം അനുസരിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയന് ബോധ്യമായിട്ടില്ല എന്ന് ഇൻ്റേണൽ മാർക്കറ്റ് കമ്മിഷണർ, തിയറി ബ്രെട്ടൺ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതോടെ മെറ്റയ്ക്ക് എതിരെ നടപടികളുണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.
European Union is going after Meta for failing to protect children