ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇന്ന് രാവിലെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ കൂടാതെ ആറ് മാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.
മോചിതനായാലും അദ്ദേഹത്തിന്റെ മുന്നില്‍ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ചില തടസ്സങ്ങളുണ്ട്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന് തന്റെ ഓഫീസിലേക്കോ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്കോ പ്രവേശിക്കാനോ ഫയലുകളില്‍ ഒപ്പിടാനോ കഴിയില്ല. 10 ലക്ഷം രൂപയുടെ ജാമ്യത്തിനാണ് കെജ്രിവാളിന്റെ മോചനം സാധ്യമാകുക. പുറത്തിറങ്ങിയാല്‍ ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ അഭിപ്രായം പറയുന്നതും വിലക്കിയിട്ടുണ്ട്.
2021-22 വര്‍ഷത്തേക്കുള്ള ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതില്‍ ക്രമക്കേട് സംഭവിച്ചെന്ന് ആരോപിച്ചാണ് അരവിന്ദ് കെജ്രിവാളിനെതിരായ കേസ്. കെജ്രിവാളും മറ്റ് എഎപി നേതാക്കളും ചേര്‍ന്ന് മദ്യലോബികളില്‍ നിന്ന് പണം സ്വീകരിച്ച് നയത്തില്‍ മനഃപൂര്‍വം പഴുതുകള്‍ സൃഷ്ടിച്ചുവെന്നാണ് ആരോപണം.
ഈ പദ്ധതിയിലൂടെ ലഭിച്ച ഫണ്ട് ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കാണ് എത്തിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.