കസാൻ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കിടയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലെ ഒരു രംഗമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പുടിനും മോദിയും തമ്മിലുള്ള സംഭാഷണത്തിനിടയിൽ പുടിൻ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വർണിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
മോദിയോടൊപ്പമുള്ള ചർച്ചക്ക് പരിഭാഷയുടെ ആവശ്യം വരില്ലെന്നും അത്രയേറെ ആഴത്തിലുള്ള ബന്ധമാണ് തമ്മിലുള്ളതെന്നുമാണ് പുടിൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇത് കേട്ട് മോദി സന്തോഷമടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും പൊട്ടിച്ചിരിക്കുന്ന വീഡിയോ ഇതിന് പിന്നാലെ പുറത്തുവരികയായിരുന്നു.
അതേസമയം റഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയുമാണ് പുടിൻ സ്വീകരിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. പ്രധാനമന്ത്രി മോദി, റഷ്യ-യുക്രൈൻ യുദ്ധത്തെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സമാധാനവും സ്ഥിരതയും എത്രയും നേരത്തേ പുന:സ്ഥാപിക്കുന്നതിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് മോദി പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൻ്റെ വിഷയത്തിൽ താൻ റഷ്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് മോദി വ്യക്തമാക്കി. പ്രശ്‌നങ്ങൾ സമാധാനപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹം. ഭാവിയിലേയ്ക്ക് സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.