കൊച്ചി: ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. അതിനിടെ അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
അതേസമയം പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ജിസിഡിഎ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘാടകരായ മൃദംഗ മിഷനും സ്റ്റേജിന്റെ കരാര്‍ ജീവനക്കാര്‍ക്കുമെതിരായാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കരാര്‍ ലംഘിച്ചാണ് സംഘാടകര്‍ പരിപാടി നചത്തിയതെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.