ന്യൂയോർക്ക്: ഗാസയിലെ എല്ലാവരും പട്ടിണിയിലാണെന്നും, ഗാസ മുനമ്പിലേക്ക് അടിയന്തിരവും സുസ്ഥിരവും മനുഷ്യത്വപരവുമായ സഹായം എത്തണമെന്ന് അഭ്യർഥിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റണിയോ ഗുട്ടെറസ്.
“ഗാസയിലെ എല്ലാവരും പട്ടിണിയിലാണ്. 1.7 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടു. മാനുഷിക വ്യവസ്ഥ തകരുന്നു. ഗാസയിലുടനീളം വേഗമേറിയതും സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ സഹായത്തിനായി ഞാൻ ആഹ്വാനം ചെയ്യുന്നു,” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
ഗാസയിൽ മാനുഷിക വ്യവസ്ഥ തകർന്നിരിക്കുകയാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിൽ ശാശ്വതസമാധാനം പുലരാനും പലസ്തീൻ ജനതയുടെ അവകാശം സംരക്ഷിക്കാനും സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്രഫോർമുലയാണ് മാർഗമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതിനൊപ്പം യുഎൻ പലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) അടച്ചുപൂട്ടണമെന്ന് ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു.
ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ഇസ്രായേൽ ആരോപിക്കുന്നു. അന്വേഷണവിധേയമായി അമേരിക്ക ഉൾപ്പെടെയുള്ള ദാതാക്കളുടെ ധനസഹായം മരവിപ്പിച്ചിരിക്കുകയാണ്. UNRWA പ്രവർത്തനങ്ങൾ നിർത്തുന്നത് ഗാസയിലെ മാനുഷിക ശ്രമങ്ങളെ സാരമായി ബാധിക്കുമെന്ന് സഹായ ഏജൻസികൾ വാദിക്കുന്നു.